ഷെഹ്‌ലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപിക ആകുന്നത് പറഞ്ഞെങ്കിലും ഷിജില്‍ കൊണ്ടുപോകാൻ കൂട്ടാക്കിയില്ല

പാമ്പ് കടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഷെഹ്‌ലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപിക ലീന നിരവധി തവണ പറഞ്ഞിരുന്നുവെന്നും എന്നാല്‍ അധ്യാപകന്‍ തിരിച്ച് ടീച്ചറെ ശകാരിക്കുകയായിരുന്നെന്നും വെളിപ്പെടുത്തലുമായി സഹപാഠികള്‍. പാമ്പ് കടിച്ചുവെന്ന് ഷെഹ്‌ല പറഞ്ഞിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല. അധ്യാപകന്‍ ഷിജില്‍ ലീന ടീച്ചറുടെ ആവശ്യം നിരസിക്കുകയായിരുന്നെന്നും തുടര്‍ന്ന് അധ്യാപിക സ്‌കൂള്‍ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികള്‍ പറഞ്ഞു.

ഷെഹ്‌ല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് അധ്യാപകന്‍ പറഞ്ഞത്. ഇന്നലെ വൈകിട്ട് മുന്ന് മണി കഴിഞ്ഞാണ് ഷെഹ്‌ല ഷെറിന് ക്ലാസില്‍ വച്ച് പാമ്പുകടിലേറ്റത്. ക്ലാസ് മുറിയിലെ പൊത്തില്‍ കാലുടക്കിയപ്പോഴായിരുന്നു സംഭവം. പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല്‍ പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്‌കൂള്‍ കെട്ടിടത്തില്‍ ഇന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ ക്ലാസ് മുറികളില്‍ നിരവധി മാളങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇതൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് അധ്യാപകരുടെ വാദം. അധ്യയന വര്‍ഷാരംഭത്തില്‍ ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറും ഡി.എം.ഒയും അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് നടപടി എടുക്കുമെന്ന് കലക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു.