തൃശൂർ സ്വദേശികളായ ടെക്കികൾ തൂങ്ങിമരിച്ചു,​ കമിതാക്കളുടെ മൃതദേഹങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്ന നിലയിൽ

ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ യുവതീയുവാക്കളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റി ഫേസ് വണിലുള്ള ഐ.ടി കമ്പനിയിൽ ജൂനിയർ സോഫ്റ്റ് വെയർ എൻജിനീയർമാരായി ജോലി ചെയ്യുന്ന ശ്രീലക്ഷ്മി(21), അഭിജിത് മോഹൻ(25) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രോണിക് സിറ്റിയുടെ അരികിലുള്ള ഹെബ്ബഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഒരു മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ നവംബർ 29ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ അങ്ങേയറ്റം അഴുകിയതിനാൽ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ഏതാനും നാളുകളായി ഇവർ തങ്ങളുടെ വീടുകളിൽ നിന്നും വരുന്ന ഫോൺ വിളികൾ സ്വീകരിക്കാറില്ലായിരുന്നു.

തുടർന്ന് ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിൽ പരാതികൾ വന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവരുടെ മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. നവംബർ 23ന് ശ്രീലക്ഷ്മി തന്റെ മാതാപിതാക്കളെ ഫോൺ വിളിച്ച് തങ്ങളെ ‘ഉപദ്രവിച്ചതിന് നന്ദി’ എന്ന് പറഞ്ഞിരുന്നു. ഏതാനും നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ ഉയർന്ന ജാതിയിൽ പെട്ട ശ്രീലക്ഷ്മിയുടെ കുടുംബം എതിർത്തുപോന്നു.

ഒടുവിൽ തങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്ന് ശ്രീലക്ഷ്‌മി തന്റെ കുടുംബത്തെ അറിയിച്ചതോടെ ഭീഷണികൾ കടുക്കുകയായിരുന്നു. ഇരുവരും വിവാഹം ചെയ്‌താൽ എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന് ശ്രീലക്ഷ്മിയുടെ അമ്മാവനും ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ് പരപ്പന അഗ്രഹാര മേഖലയിൽ താമസിച്ചിരുന്ന ശ്രീലക്ഷിയും അഭിജിത്തും തങ്ങളുടെ വീടുകൾ വിട്ടിറങ്ങുന്നതും പിന്നീട് കാണാതാകുന്നതും. ഒരു കർഷകനാണ് ഇരുവരുടെയും മൃതദേഹങ്ങൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുന്നത്. അതിരൂക്ഷമായ ദുർഗന്ധം വന്നതിനെ തുടർന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഇയാൾ കണ്ടെടുക്കുന്നതും പൊലീസിൽ വിവരമറിയിക്കുന്നതും.