പൊലീസിൻറെ ആർത്തവ പരിശോധനയ്‌ക്കെതിരെ ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സുപ്രീം കോടതിയിൽ

ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്ന യുവതികൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചു. ശബരിമലയിൽ പോകാനെത്തുന്ന സ്ത്രീകളെ തടഞ്ഞുനിർത്തി പ്രായം പരിശോധിക്കുന്ന പൊലീസിന്റെ നടപടി നിർത്തിവയ്ക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി യുവതികളെ തടയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ബിന്ദു അമ്മിണി ഹർജിയിൽ ആവശ്യപ്പെടുന്നു. സ്ത്രീ പ്രവേശന വിധിക്ക് സംസ്ഥാന സർക്കാർ പ്രചാരണം നൽകണമെന്നും ഹർജിയിലുണ്ട്. ദര്‍ശനം നടത്താനെത്തിയവരെ തടഞ്ഞതിന് ചിഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും അത്തരത്തിലുള്ള ഒരു കോടതി അലക്ഷ്യ ഹർജിയല്ല ഇപ്പോൾ കൊടുത്തിരിക്കുന്നത്.

ജനുവരി 2 ന് ശബരിമലയിൽ വീണ്ടും പോകുമെന്ന് ബിന്ദു അമ്മിണി നേരത്തേ പറഞ്ഞിരുന്നു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടിയാണ് ശബരിമലയിൽ എത്തുക എന്നും അവർ വ്യക്തമാക്കിയിരുന്നു.

2018 സെപ്റ്റംബർ 28 ലെ സുപ്രീംകോടതി വിധിക്കുശേഷം ശൂദ്രലഹളയെ വെല്ലുവിളിച്ചുകൊണ്ട് നടന്ന സ്ത്രീമുന്നേറ്റങ്ങൾ നിരവധി തിരിച്ചടികൾക്കൊടുവിൽ വിജയം വരിക്കുകയും വിധി നടപ്പിലാക്കുകയും ചെയ്തതിൻറെ വാർഷിക ദിനം കൂടിയാണ് ജനുവരി 2.

ക്രിസ്മസ് അവധിക്ക് കോടതി പിരിയുന്നതിന് മുമ്പ് തന്നെ ഈ ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് വരും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ്.ശബരിമലയിൽ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമയും ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

തനിക്ക് കുടുംബസമേതം ശബരിമല ദർശനത്തിന് സുരക്ഷ നൽകണം എന്നാവശ്യപ്പെട്ട് രെഹ്ന ഫാത്തിമ കഴിഞ്ഞ ആഴ്ച എറണാകുളം സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചിരുന്നു എങ്കിലും അപേക്ഷ നിരസിച്ച സാഹചര്യത്തിലാണ് രഹ്നയും സുപ്രീം കോടതിയെ സമീപിച്ചത്.