ഹരിപ്പാട് കുടുംബ വഴക്കിനെ തുടർന്ന് സഹോദരന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു

തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് പിലാപ്പുഴ തെക്ക് വിഷ്ണുഭവനത്തിൽ ഹരി കുട്ടന്റെ ഭാര്യ ഗിരിജയാണ് (49) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഒക്ടോബർ ആറിന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സംഭവം നടന്ന ഉടൻ അയൽക്കാർ ഗിരിജയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഗിരിജയുടെ സഹോദരൻ ശ്രീജിത്തുമായുണ്ടായ കുടംബവഴക്കിനെ തുടർന്ന് സഹോദരൻ മൺവെട്ടി കൊണ്ട് ഗിരിജയുടെ തലക്കടിച്ചതായി പറയുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതി ശ്രീജിത്തിനെ (മണിക്കൂട്ടൻ ) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്.