കോട്ടയത്ത് വീട്ടമ്മയെ ഭര്‍ത്താവ് കൈക്കോടാലിക്ക്​ വെട്ടിക്കൊലപ്പെടുത്തി; സ്വന്തം ജനനേന്ദ്രിയവും മുറിച്ചു

കുടുംബ വഴക്കിനൊടുവിൽ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് ഭര്‍ത്താവ്​ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം മീനടം മാളികപ്പടിക്ക്​ സമീപം ശനിയാഴ്​ച ഉച്ചക്കാണ്​ നാടിനെ നടുക്കിയ സംഭവം. മീനടം കണ്ണൊഴുക്കത്ത് ജോയി തോമസി​​ൻറെ (52) ഭാര്യ​ സാറാമ്മയാണ്​ (എല്‍സി-49) കൊല്ലപ്പെട്ടത്​. ഭീകരാന്തരീക്ഷം സൃഷ്​ടിച്ച ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു. ഇയാളെ പിന്നീട്​ പൊലീസ്​ കീഴ്​പ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോയി തോമസി​​ന്റെ നില അതീവഗുരുതരമായി തുടരുകയാണ്​. വാക്കുതര്‍ക്കത്തിനൊടുവില്‍ സാറാമ്മയോട്​ തട്ടിക്കയറിയ ജോയി, കൈക്കോടാലി കൊണ്ട് ഇവരെ വെട്ടുകയായിരുന്നു. അടുക്കളയിലാണ് സാറാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്​. നിലവിളി കേട്ട്​ അയല്‍ക്കാര്‍ എത്തിയപ്പോള്‍ ജോയി അടുക്കളയില്‍ തന്നെയുണ്ടായിരുന്നു.

ഒരു കൈയില്‍ മൃതദേഹവും മറുകൈയില്‍ കൈക്കോടാലിയുമായി നിന്ന ജോയി ആരെയും അടുക്കാന്‍ സമ്മതിച്ചില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌​ ആദ്യം രണ്ട് പൊലീസുകാര്‍ എത്തിയെങ്കിലും ഇവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട്​ കൂടുതല്‍ പൊലീസ് എത്തി നാട്ടുകാരും ചേര്‍ന്നാണ് രക്തത്തില്‍ കുളിച്ചുനിന്ന ജോയിയെ കീഴ്പ്പെടുത്തിയത്.

മാനസിക അസ്വാസ്ഥ്യമുള്ള ജോയി മദ്യത്തിന് അടിമയായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്​.പി.യുടെ നേതൃത്വത്തി​ല്‍ പൊലീസ്​ സ്​ഥലത്തെത്തി പരിശോധന നടത്തി. സയന്‍റിഫിക്ക് വിദഗ്ധരും എത്തിയിരുന്നു. സാറാമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക്​ മാറ്റി. ഇവരുടെ മൂത്ത മകള്‍ കൊച്ചിയില്‍ ലാബ് ടെക്നീഷ്യയായി ജോലി ചെയ്യുകയാണ്. ഇളയ മകള്‍ പ്ലസ്​ ടു വിദ്യാര്‍ഥിയാണ്. പാമ്പാടി പൊലീസ്​ കേസെടുത്തു.