95 പട്ടികജാതി/ വർഗ്ഗ കുട്ടികൾ കൊഴിഞ്ഞു പോയിട്ടും പോണെങ്കില്‍ പോട്ടെയെന്ന് കളക്ടര്‍; കുട്ടികള്‍ സഹകരിക്കാതെ പീഡനം നടക്കുമോയെന്ന് അദ്ധ്യാപകൻ; ഇതോ നമ്പർ വൺ കേരളം?

95 ആദിവാസി – ദളിത് വിദ്യാര്‍ത്ഥികള്‍ ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അദ്ധ്യാപകന്റെ പീഡനവുമായി ബന്ധപ്പെട്ട് പഠനം നിര്‍ത്തി പോയ വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ചയായിട്ടും സ്‌കൂളിൽ മടങ്ങി വന്നിട്ടില്ല. 95 വിദ്യാര്‍ത്ഥികളാണ് രണ്ടാഴ്ച മുമ്പ് സംഗീതദ്ധ്യാപകനെതിരേ പരാതി നല്‍കിയ ശേഷം മടങ്ങിയത്. മുഴൂവന്‍ അദ്ധ്യാപകരെയും സ്ഥലം മാറ്റാതെ സ്‌കൂളിലേക്കില്ലെന്ന നിലപാടിലാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു മാതാപിതാക്കളും വിദ്യാര്‍ത്ഥികളും. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് പഠനം ഉപേക്ഷിച്ചു പോയ കുട്ടികളില്‍ കൂടുതലും.

മുഴുവന്‍ അദ്ധ്യാപകര്‍ക്കുമെതിരേ നടപടിയെടുക്കണമെന്ന് ആദിവാസി ജന സഭ ആവശ്യപ്പെട്ടു. അഞ്ചു മുതല്‍ 10 വരെ 160 കുട്ടികളാണ് പഠിക്കുന്നത്. അഞ്ചാം ക്ലാസ്സ് മുതല്‍ 10 വരെ പഠിക്കുന്ന 12 കുട്ടകളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ പരാതി പൂഴ്ത്തി വെച്ച് കുട്ടികളെ മാനസീകമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രധന അദ്ധ്യാപകനും മാതാപിതാക്കളുടെ പരാതി കിട്ടിയിട്ട് കേസെടുക്കാന്‍ കൂട്ടാക്കാതിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് ആദിവാസി ജനസഭ നേതാക്കൾ പറഞ്ഞു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ശബരിമലയിൽ പോകാൻ വന്നതാണെന്ന് കരുതി കഴിഞ്ഞദിവസം കോട്ടയത്ത് ശൂദ്രലഹളക്കാർ തടയാൻ ശ്രമിച്ചത്.

മന്ത്രിതലം മുതൽ കളക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല. ആരോപണ വിധേയരായ അദ്ധ്യാപകര്‍ ഉള്ളിടത്തോളം കാലം തിരിച്ചു വരേണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിന് പകരം സംഗീതധ്യാപകന്‍ നരേന്ദ്രബാബുവിനെ രക്ഷിക്കാനാണ് പ്രധാന അദ്ധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. ​വളരെ ഗൗരവതരമായ വിഷയമായിട്ടും ഭയവും അപമാനഭീതിയും മൂലം കുട്ടികളോ മാതാപിതാക്കളോ രംഗത്തേക്ക് കടന്നുവരാന്‍ കൂട്ടാക്കുന്നില്ല.

അദ്ധ്യാപകനെതിരേ ആരോപണം ഉന്നയിച്ച് സ്‌കൂള്‍ ഉപേക്ഷിച്ചു പോയത് 96 പേരായിരുന്നു. ഒരു കുട്ടി മാത്രമാണ് തിരിച്ചു വന്നത്. സംഗീത അദ്ധ്യാപകന്റെ ശാരീരിക മാനസീക പീഡനത്തിനെതിരേ സ്‌കൂള്‍ കുട്ടികള്‍ ആദ്യം നോട്ടുബുക്ക് പേപ്പറിലാണ് ഹെഡ്മാസ്റ്റര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ നടപടി എടുക്കുന്നതിന് പകരം അദ്ദേഹം അത് മുക്കുകയും ആരോപണ വിധേയനായ അദ്ധ്യാപകനൊപ്പം നിന്നു കൊണ്ട് കുട്ടികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നാണ് ആരോപണം.

മൂന്ന് മാസമായി കുട്ടികള്‍ ശാരീരിക മാനസീക പീഡനത്തിന് ഇരയാകുകയായിരുന്നു. മുൻപും പരാതി ഉയർന്നിട്ടുള്ള പീഡന വീരനായ അദ്ധ്യാപകന് പിന്തുണ നല്‍കുന്ന സമീപനമാണ് മറ്റ് അദ്ധ്യാപകരും സ്വീകരിക്കുന്നത്. ‘അദ്ധ്യാപകനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല’ അഞ്ചും പത്തും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ ഭാഗത്ത് നിന്നും പ്രോത്സാഹനം കിട്ടിയതു കൊണ്ടാണ് പീഡനം നടന്നതെന്ന ഞെട്ടിക്കുന്ന പ്രതികരണമാണ് ഇവിടുത്തെ അദ്ധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായത്.’ഒരു കൈ മാത്രം അടിച്ചാല്‍ ഒന്നുമുണ്ടാകില്ല എന്നും രണ്ടു കയ്യൂം കൂട്ടിയടിച്ചാലേ ഒച്ച കേള്‍ക്കൂ’ എന്നാണ് തങ്ങളോട് അദ്ധ്യാപകർ പ്രതികരിച്ചതെന്നും വിഷയത്തിൽ ഇടപെട്ട ആദിവാസി ജനസഭ നേതാക്കള്‍ പറയുന്നു.

ഹെഡ്മാസ്റ്റര്‍ മാതാപിതാക്കളെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമം നടത്തിയെന്നും ആരോപണം ഉണ്ട്. ആദിവാസി സമൂഹമായതിനാല്‍ ഇതെല്ലാം സ്വാഭാവികമാണെന്നും ഇതും ഇതിനപ്പുറവും നടക്കുമെന്ന രീതിയിലുള്ള പ്രതികരണമാണ് എല്ലാ അധികാരികളില്‍ നിന്നും നേരിടേണ്ടി വരുന്നതെന്നും ഇവര്‍ പറയുന്നു. വിഷയത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലൂം അദ്ദേഹവും പരാതി ഗൗരവത്തില്‍ എടുത്തില്ല. ഗുരുതര കുറ്റകൃത്യം അദ്ധ്യാപകര്‍ ചെയ്തിട്ടും ‘പോയ കുട്ടികള്‍ പോകുന്നെങ്കില്‍ പോകട്ടെയെന്നും അവര്‍ക്ക് പിന്നെ എവിടെപ്പോയി പഠിക്കാനാണ്’ എനന്നായിരുന്നു കളക്റ്ററുടെ പ്രതികരണം. ‘അദ്ധ്യാപകനെ മാറ്റാന്‍ തനിക്കാവില്ലെന്ന’ സമീപനമാണ് കളക്ടര്‍ സ്വീകരിച്ചതെന്നും പരാതിക്കാർ ആരോപിക്കുന്നു.

സംഭവത്തില്‍ പ്രതിയായ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തെങ്കിലും നിയമനടപടികളുമായി മുമ്പോട്ട് പോകാന്‍ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ മുമ്പോട്ട് വന്നിട്ടില്ല. ആരോപണ വിധേയനായ അദ്ധ്യാപകനെ പുറത്താക്കിയെങ്കിലും പരാതി പൂഴ്ത്തിവെച്ച എല്ലാവര്‍ക്കുമെതിരേയും നടപടി വേണമെന്നു ദളിത് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംഭവത്തില്‍ പീഡനാരോപണം നേരിടുന്ന അദ്ധ്യാപകനെ പിന്തുണയ്ക്കുന്ന മറ്റ് സ്‌കൂള്‍ അധികൃതര്‍ കേസ് തേച്ചു മായ്ച്ച് കളായന്‍ ഇടപെടുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി മുക്കിയ ഹെഡ്മാസ്റ്റര്‍, പിന്തുണച്ച അദ്ധ്യാപകര്‍, പരാതിയില്‍ കേസെടുക്കാതെ കാലതാമസം വരുത്തിയ പോലീസുകാര്‍ എന്നിവര്‍ക്കെതിരേയെല്ലാം കേസെടുക്കണമെന്ന് ദളിത് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. അഞ്ചു മുതല്‍ 10 ക്‌ളാസ്സുകള്‍ വരെ 160 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അദ്ധ്യാപകരായി മൂന്ന് പുരുഷന്മാരും പത്ത് സ്ത്രീകളുമുണ്ട്. കേരളത്തിലെ 14 ജില്ലകളിലുമുള്ള എംആര്‍ സ്‌കൂളുകളിലും നടക്കുന്ന ഇതുപോലുള്ള വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും എല്ലാ ജില്ലകളിലും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഈ വിഭാഗത്തില്‍ നിന്നുള്ള ലീഗല്‍ അസിസ്റ്റന്റുമാരെ നിയമിക്കണമേ മെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബത്തേരിയില്‍ ഷെഹലാ എന്ന വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടിയ്ക്ക് മുമ്പ് നിലമ്പൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റ സംഭവത്തില്‍ പരാതി ഉയര്‍ന്നപ്പോള്‍ ഭയപ്പെടുത്തി പിന്‍ വലിപ്പിച്ചതായും. കണ്ണൂരിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് വിഷയം ഉണ്ടായപ്പോഴും അധികൃതര്‍ മുഖം തിരിച്ചു നിന്നതായും ആദിവാസി ജനസഭ ആരോപിക്കുന്നു.