മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇന്നലെ ലെഫ്റ്റ് ആയി, ഫോണ്‍ ആരുടെ കയ്യിലെന്ന് ​അന്വേഷിച്ച് പോലീസ്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കാണാതായ ഫോണിലെ വാട്സാപ് നമ്പര്‍ ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റ് ആയ സംഭവം പരിശോധിക്കുമെന്ന് അന്വേഷണ സംഘം. ഇന്നലെ പുലര്‍ച്ചയോടെയാണ് ബഷീര്‍ അംഗമായിരുന്ന മാധ്യമ ഗ്രൂപ്പുകളില്‍ നിന്നും കുടുംബ സൗഹൃദ ഗ്രൂപ്പുകളില്‍ നിന്നും ബഷീറിന്റെ നമ്പര്‍ ലെഫ്റ്റായതായി സന്ദേശം വന്നത്. ഇതോടെ ബഷീറിന്റെ കാണാതായ സ്മാര്‍ട്ട് ഫോണ്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമുയര്‍ന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഹൈടെക് സെല്ലിന്റെയും മൊബൈല്‍ കമ്പനികളുടെയും സഹായം തേടി. അപകടത്തിന് ശേഷം കാണാതായ ഫോണ്‍ ഇതുവരെ ഓണ്‍ ആയിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി അന്വേഷണ സംഘം അറിയിച്ചു.

വാട്സാപ്പ് നമ്പര്‍ നാല് മാസം ഉപയോഗിക്കാതിരുന്ന സാഹചര്യത്തില്‍ ഗ്രൂപ്പുകളില്‍ നിന്ന് ആ നമ്പര്‍ തനിയേ ലെഫ്റ്റ് ആയതാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇത് സ്വാഭാവികമായ നടപടിയെന്ന് വിശദീകരിക്കുമ്പോഴും ചില സാധ്യതകള്‍ കൂടി സൈബര്‍ വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നുണ്ട്. കാണാതായ ഫോണിലെ വാട്സാപ്പ് മറ്റാരെങ്കിലും ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്താലും ഈ നമ്പര്‍ ലെഫ്റ്റ് ആയെന്ന സന്ദേശം ലഭിക്കും. ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്താലും സമാനമായ സന്ദേശം ലഭിക്കും. വാട്സാപ്പ് ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ സിം ഇല്ലെങ്കിലും ഫോണില്‍ വാട്സാപ്പ് ലഭിക്കും എന്നതിനാല്‍ ബഷീറിന്റെ വാട്സ്ആപ്പ് ലഭിക്കാന്‍ ഫോണില്‍ ബഷീറിന്റെ സിം വേണമെന്നില്ല. എന്നാല്‍ ബഷീറിന്റെ ഫോണില്‍ നിന്ന് സിം ഊരി മാറ്റി പുതിയ സിം ഇട്ടാല്‍ അത് കണ്ടെത്താന്‍ കഴിയും.

ഒരു കാലാവധിക്കപ്പുറം ഉപയോഗിക്കാതിരിക്കുന്ന നമ്പര്‍ മൊബൈല്‍ സേവനദാതാക്കള്‍ മറ്റൊരാള്‍ക്ക് നല്‍കാനുള്ള സാധ്യതയുമുണ്ട്. അത്തരത്തില്‍ ഈ നമ്പര്‍ ലഭിക്കുന്നയാള്‍ തന്റെ ഫോണില്‍ വാട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ബഷീര്‍ ഈ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത വാട്സാപ്പിലെ ഗ്രൂപ്പുകളില്‍ അയാളും അംഗമാകും. അയാള്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ബഷീറിന്റെ പഴയ അക്കൗണ്ടായിരിക്കും വരുന്നത്. അതേസമയം ബഷീറിന്റെ നമ്പര്‍ പല ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് ആയത് ഒരേസമയമാണോ വ്യത്യസ്ത സമയങ്ങളിലാണോ എന്നത് സാങ്കേതികമായി ഉറപ്പുവരുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. എന്നാല്‍, കേസന്വേഷണത്തില്‍ നിര്‍ണായകമായ ബഷീറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തുള്ള പബ്ലിക് ഓഫീസിന്റെ മുമ്പില്‍ വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് ബഷീര്‍ കൊല്ലപ്പെടുന്നത്. ബഷീറിന്റെ കൈയില്‍ നിന്ന് തെറിച്ചു പോയ രണ്ട് ഫോണുകളില്‍ ഓഫീസ് ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന ചെറിയ ഫോണ്‍ മാത്രമാണ് പോലീസിന് ലഭിച്ചത്. രണ്ട് നമ്പറുകള്‍ ഉപയോഗിച്ചിരുന്ന ബഷീറിന്റെ സ്മാര്‍ട്ട് ഫോണാണ് കാണാതെ പോയത്. അപകടം നടന്ന് ഒരു മണിക്കൂറിനകം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്ന് ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ കോള്‍ എടുത്തിരുന്നുവെങ്കിലും മറുപടി അവ്യക്തമായിരുന്നു. പിന്നീട് ഈ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. അപകടം നടന്ന് നാല് മാസം പിന്നിടുമ്പോഴും കേസ് ഡയറി സമര്‍പ്പിക്കാന്‍ ആവശ്യമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.