പട്ടിണിമൂലം മണ്ണുവാരി തിന്ന സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നത്: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തലസ്ഥാനത്ത് കൈതമുക്കില്‍ പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വേദനാജനകമായ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരമധ്യത്തില്‍ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കിയെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലാണ് സംഭവം. ഇതിന് പിറകെ നിരവധി പേര്‍ ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് അമ്മ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും താമസിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കാറുണ്ടെന്നും ഇവര്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.