എസ്പിജി സുരക്ഷ ഇനിമുതല്‍ പ്രധാനമന്ത്രിക്ക് മാത്രം; നിയമഭേദഗതി രാജ്യസഭയിലും പാസാക്കി

ലോക്‌സഭക്ക് പിറകെ എസ്പിജി നിയമ ഭേദഗതി രാജ്യസഭയും പാസാക്കി. 1988 ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം പാസാക്കിയിരിക്കുന്നത്. ഭേദഗതി പ്രകാരം ഇനിമുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. ഭേദഗദതി സംബന്ധിച്ച് വിവാദം കത്തി നില്‍ക്കവെയാണ് രാജ്യസഭയിലും പാസാക്കിയിരിക്കുന്നത്.

നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമഭേദഗതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ഗാന്ധി കുടുംബത്തെ ഉദ്ദേശിച്ചാണ് തങ്ങള്‍ നിയമദേഗതി കൊണ്ടുവരുന്നതെന്നത് ആരോപണങ്ങള്‍ മാത്രമാണെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ബില്ല് കൊണ്ടുവരുന്നതിന് മുമ്പുതന്നെ സുരക്ഷാ അവലോകനത്തിന് ശേഷം ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. നിയമ ഭേദഗതിയും ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കലും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.അമിത് ഷായുടെ വിശദീകരണത്തിന് പിറകെ കോണ്‍ഗ്രസ് ഇറങ്ങിപ്പോവുകയായിരുന്നു.

കേരളത്തില്‍ 120 ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തി: അമിത് ഷാ

കേരളത്തില്‍ 120ഓളം ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയ വൈരത്തിന്റെ ഭാഗമായാണ് ഇത്രയും പേരെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് പി ജി ഭേദഗതി ബില്ലിന്മേല്‍ രാജ്യസഭയില്‍ മറുപടി പ്രസംഗം നടത്തുമ്പോഴാണ് ഷാ ഈ പരാമര്‍ശം നടത്തിയത്.

ഗാന്ധി കുടുംബത്തിനെതിരെ രാഷ്ട്രീയമായി പകപ്പോക്കാനാണ് എസ് പി ജി ഭേദഗതി ബില്‍ കേന്ദ്രം നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ 120 ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇടതു പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പകപ്പോക്കലിനെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇതുതന്നെയാണ് സ്ഥിതി.

പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഇടത് എം പിമാര്‍ എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി.