ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഉപാദികളോടെയാണ് ജാമ്യം. രാജ്യം വിട്ട് പോകരുത്, അന്വേഷണത്തോട് സഹകരിക്കണം, പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം, രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യ ഹരജി പരിഗണിച്ചത്.

ചിദംബരത്തിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വഴിവിട്ട് വിദേശ ഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന്റെ പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചെന്നാണ് കേസ്.