വ്യാജ വാഹന രജിസ്‌ട്രേഷന്‍: എംപി സുരേഷ് ഗോപിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ അനുമതി

നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റം ചുമത്താന്‍ അനുമതി. ക്രൈംബ്രാഞ്ച് മേധാവിയാണ് അനുമതി നല്‍കിയത്. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്.

രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്. ഇതിലൂടെ 19.6 ലക്ഷം രൂപയുടെ നികുതി സുരേഷ് ഗോപി എംപി വെട്ടിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍.

സമാനമായ കേസുകളില്‍ നടി അമല പോളിനും ഫഹദ് ഫാസിലിനും എതിരായ കേസുകള്‍ ക്രൈം ബ്രാഞ്ച് നേരത്തെ അവസാനിപ്പിച്ചിരുന്നു. അമലാ പോള്‍ പോണ്ടിച്ചേരിയില്‍ നിന്നാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അതിനാല്‍ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കിയത്. അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജ രേഖകള്‍ ഉപോഗിച്ചാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പില്‍ നടപടിയെടുക്കാന്‍ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയതായും കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചു.

ഡല്‍ഹില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്‌ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണു നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പോലീസിനോട് പറഞ്ഞിരുന്നു.