ഇന്ത്യയില്‍ നിന്ന് മുങ്ങിയ നിത്യാനന്ദ കരീബിയയില്‍ ദ്വീപ് വിലക്കു വാങ്ങി ഹിന്ദു രാഷ്ട്രം സ്ഥാപിച്ചു

ലൈംഗിക പീഡനക്കേസില്‍ പ്രതിയായിരിക്കെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ഇക്വഡേറിന് അടുത്ത് ദ്വീപ് വിലയ്ക്ക് വാങ്ങിയതായി റിപ്പോര്‍ട്ട്. ദ്വീപിന് കൈലാസ എന്ന് പേരിട്ടതായും സ്വന്തം പതാക, പാസ്‌പോര്‍ട്ട്, എംബ്ലം എന്നിവ രൂപകല്‍പ്പന ചെയ്തതായും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാബിനറ്റിന് രൂപം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. കടുംകാവി നിറത്തില്‍ നിത്യാനന്ദയും ശിവനും ഉള്‍പ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങിയതാണ് പതാക.

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്കടുത്താണ് ദ്വീപ് വിലയ്ക്കു വാങ്ങിയത്. ഹിന്ദു പരാമാധികാര രാഷ്ട്രത്തില്‍ യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസം, സൗജന്യ ആരോഗ്യപരിരക്ഷ, സൗജന്യ വിദ്യാഭ്യാസം, എല്ലാവര്‍ക്കും ഭക്ഷണം എന്നിവയും ഉള്ളതായി നിത്യാനന്ദയുടെ വെബ്‌സൈറ്റ് പറയുന്നു.

സ്വന്തം രാഷ്ട്രത്തെ ജനങ്ങള്‍ക്കായി നിത്യാനന്ദ സംഭാവനയും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് ഇദ്ദേഹം ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. നാലു കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് അനുയായികളായ സ്വാധി പ്രാണ്‍ പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫ്‌ളാറ്റില്‍ താമസിപ്പിച്ച് ഇവരെ കൊണ്ട് ബാലവേല ചെയ്യിച്ചിരുന്നു എന്നാണ് ആരോപണം. ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ മാസം 21നാണ് ഇദ്ദേഹം രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ് അറിയിച്ചത്. അന്വേഷണം നടക്കുന്നതിനിടെയാണ് ഇദ്ദേഹം സ്വന്തമായി ഒരു ദ്വീപ് തന്നെ വാങ്ങുന്നത്.