തെലങ്കാന മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ പ്രതിഷേധം; തൃപ്തി ദേശായി കസ്റ്റഡിയിൽ

യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രി കെചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെത്തിയ തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയെ നേരിട്ടുകാണണമെന്നും മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കത്ത് നല്‍കണമെന്നുമാണ് ആദ്യം ഇവര്‍ പറഞ്ഞത്. എന്നാല്‍ മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ അത് സാധ്യമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇവരെ പോലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്.

യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആറുമാസത്തിനകം തൂക്കിക്കൊല്ലണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. സംഭവത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യമായി ഇടപെടുന്നില്ലെന്നും അവര്‍ ആരോപിച്ചു. യുവതിയെ കാണാനില്ലെന്ന പരാതിയിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ചയുണ്ടായി തുടങ്ങിയവയാണ് തൃപ്തി ദേശായിയുടെ ആരോപണങ്ങള്‍. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.