ആത്മഹത്യാ കുറിപ്പ് ഫാത്തിമ ലത്തീഫ് എഴുതിയത് തന്നെയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

മദ്രാസ് ഐ.ഐ.ടിയില്‍ ജീവനൊടുക്കിയ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പ് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് തൊട്ടുമുമ്പ് ഫാത്തിമ എഴുതിയതാണെന്ന് പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിഭാഗം പരിശോധിച്ചത്. ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണെന്ന് മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ സേവറായി ഫാത്തിമ സേവ് ചെയ്തിരുന്നു. മരണത്തിന് തൊട്ടുമുമ്പാണ് ഇത് എഴുതിയതെന്ന് കണ്ടെത്തി. കൂടാതെ മരണത്തിന് ശേഷം ഈ കുറിപ്പില്‍ എഡിറ്റിംഗ് നടന്നിട്ടില്ലെന്നും വ്യക്തമായി. ഇനി ലാപ്‌ടോപ്പിന്റെയും ഫോറന്‍സിക് പരിശോധനാ ഫലം കൂടി വരാനുണ്ട്.

അധ്യാപകരുടെ പങ്ക് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സ്ഥിരീകരിച്ചതോടെ സുദര്‍ശന്‍ പദ്മനാഭന്‍ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. സുദര്‍ശന്‍ പദ്മനാഭന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇതിനിടെ അന്വേഷണം എന്തുകൊണ്ട് മദ്രാസ് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിന് കൈമാറുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.