ശബരിമല സ്ത്രീ പ്രവേശനം: ബിന്ദു അമ്മിണിയുടെ ഹരജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും

2018 സെപ്റ്റംബർ 28 ലെ സുപ്രീംകോടതിയുടെ ശബരിമല യുവതിപ്രവേശനം സാധ്യമാക്കികൊണ്ടുള്ള ചരിത്രവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഒരുഹർജി പോലും സുപ്രീംകോടതി പരിഗണിക്കാതിരിക്കുകയും സുപ്രീംകോടതി ജഡ്ജിമാർ തന്നെ 2018 സെപ്റ്റംബർ 28 ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് വ്യക്തമായി പറഞ്ഞിട്ടും കേരള സർക്കാരിൻറെ നിയമോപദേശിക്ക് വ്യക്തത വന്നിട്ടില്ലെന്ന ഉഡായിപ്പുമായി പരസ്യമായിത്തന്നെ ഹിന്ദുത്വ പ്രീണന നയം സ്വീകരിച്ചുകഴിഞ്ഞ ഭരണവർഗ്ഗ പാർട്ടിയും സർക്കാരും സംഘപരിവാറിനേക്കാൾ മികച്ച ആചാരസംരക്ഷകരായി രംഗത്തു വന്നിരിക്കുന്ന സാഹചര്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും.

സ്ത്രീകളെ പ്രായ പരിധികൂടാതെ ശബരിമലയിൽ പ്രവേശിപ്പിക്കണം, ഇതിന് പോലീസ് സംരക്ഷണം നല്‍കണം, കോടതി ഉത്തരവിന് വിരുദ്ധമായ പൊലീസിൻറെ പ്രായപരിശോധന അവസാനിപ്പിക്കണം.കോടതി തന്നെ നിർദ്ദേശിച്ചിരുന്നതുപോലെ സുപ്രീംകോടതി വിധിക്ക് സർക്കാർ വേണ്ടത്ര പ്രചരണം നൽകണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഇതിനിടെ തനിക്കും കുടുംബത്തിനും കുടുംബസമേതം ശബരിമല ദര്‍ശനം നടത്തുന്നതിനായി അവസരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദുത്വ ഫാസിസ്റ്റുകളുട ആക്രമണമുണ്ടായിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനയില്‍പ്പെട്ടവരും ബിജെപിനേതാക്കളും ചേർന്ന് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ വെച്ച് ബിന്ദു അമ്മിണിയുടെ മുഖത്ത് കെമിക്കൽ സ്പ്രേ അടിക്കുകയായിരുന്നു.പ്രതികളെ ചൂണ്ടികാണിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് കൂട്ടാക്കാതെ അക്രമികൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. മാധ്യമ ഇടപെടലിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് നിർബന്ധിതരായത്.

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ബിന്ദു അമ്മിണി കോടതിയലക്ഷ്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ ഹരജി നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതുപ്രാകാരം സമര്‍പ്പിച്ച ഹരജിയാണ് അടുത്ത ആഴ്ച പരിഗണിക്കുന്നതിനായി കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.