സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്ന് കോടതി നിർദ്ദേശിച്ചു.

സിസ്റ്റർ ലൂസി കളപ്പുര, ഡി സി ബുക്സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കി എസ്എംഐ സന്യാസിനി സഭാംഗമായ സി. ലിസിയ ജോസഫായിരുന്നു ഹർജി സമർപ്പിച്ചത്. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു.

സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല്തവണ വൈദികർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ‘കർത്താവിന്റെ നാമത്തിൽ’ എന്ന് പേരിട്ട ആത്മകഥയിൽ സിസ്റ്റർ ലൂസി കളപ്പുര എഴുതിയിരുന്നു. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര തുറന്നുപറഞ്ഞത്. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റർ ലൂസി ആരോപിക്കുന്നു.