പൊലീസ് ഭാഷ്യം വിശ്വാസ്യയോഗ്യമല്ല; അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ല: ജസ്റ്റിസ് കെമാൽ പാഷ

ഹൈദരാബാദിൽ 26കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പൊലീസ് നടപടിയിൽ പ്രതികരണവുമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്കെമാൽ പാഷ. നീതി നടപ്പിലാക്കുന്നത് ഇങ്ങനെയല്ല. അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് കെമാൽ പാഷ പ്രതികരിച്ചത്. എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുള്ള ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായിരുന്നു അവർക്ക് ലഭിക്കേണ്ടിയിരുന്നത്. അത് വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമായിരുന്നു നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഭാഷ്യം വിശ്വാസ്യയോഗ്യമല്ല. തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ പ്രതികളുടെ കൈയ്യിൽ ആയുധങ്ങൾ ലഭിക്കാൻ സാദ്ധ്യത കുറവാണ്. പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടി ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതികൾ നമ്മുടെ ചിലവിൽ ജയിലിൽ തടിച്ച് കൊഴുത്ത് കഴിയുന്നതിൽ പരാതിയുള്ളയാളാണ് താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൈദരാബാദിൽ വെള്ളിയാഴ്ച പുലർച്ചെയാണ് തെലങ്കാന പൊലീസ് പീഡനകേസിലെ പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയത് . അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.