പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരായതാണെന്ന വിശദീകരണവുമായി തെലങ്കാന പോലീസ്

തെലങ്കാന ഏറ്റമുട്ടല്‍ കൊലപാതകത്തില്‍ വിശദീകരണവുമായി പോലീസ്. രണ്ട് തോക്കുകള്‍ തട്ടിയെടുത്ത് പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് സൈബരാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞു.

തട്ടിയെടുത്ത തോക്കുകളും വടികളും ഉപയോഗിച്ചാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ഇതില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ മൂന്നിനും ആറിനും ഇടക്കായിരുന്നു സംഭവം. തെളിവെടുപ്പിനാണ് പ്രതികളെ സംഭവ സ്ഥലത്തേക്ക് കൊണ്ടു പോയത്. പത്തംഗ പോലീസാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. പ്രതികള്‍ നേരത്തെ തന്നെ കുറ്റം സമ്മതിച്ചതാണ്. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നത് അന്വേഷണത്തെ ബാധിക്കും. പോലീസ് പോലീസിന്റെ കര്‍ത്തവ്യമാണ് ചെയ്തത്. സംഭവ സ്ഥലത്തുനിന്നും കൊല്ലപ്പെട്ട ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ടെന്നും സജ്ജനാര്‍ മാധ്യമങ്ങളോട് പറഞ്ഞു.