നീതി ഇൻസ്റ്റന്റായി നടപ്പാക്കാനുള്ളതല്ല തെലങ്കാന പൊലീസിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ശിക്ഷകൾ നൈമിഷികമായി(ഇൻസ്റ്റന്റ്) ആയി നടത്തേണ്ടതല്ലെന്നും നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപം ആർജിക്കാൻ പാടില്ലെന്നും നിയമവിധേയമല്ലാതെ ശിക്ഷ നടപ്പാക്കുന്ന പ്രവണതയെ അപലപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. രാജസ്ഥാനിലെ ജോധ്പൂരിൽ വച്ച് നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഹൈദരാബാദിൽ ലേഡി വെറ്റിനറി ഡോക്റെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയ നാൽവർ സംഘത്തെ തെളിവെടുപ്പിനിടെ ഹൈദരാബാദ് പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പൊലീസിന്റെ ഈ നടപടിക്കെതിരെ രാജ്യത്താകമാനം ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശം.

‘നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപം ആർജിക്കാൻ പാടില്ല എന്നാണ് ഞാൻ കരുതുന്നത്. ഒരിക്കലും, ഒരു സമയത്തും അത് അങ്ങനെ ആയി മാറാൻ പാടില്ല. പ്രതികാരത്തിന്റെ മുഖം വരികയാണെകിൽ നീതിക്ക് അതിന്റെ വ്യക്തിത്വം നഷ്ടമാകും എന്നാണ് ഞാൻ കരുതുന്നത്. ‘ രാജസ്ഥാൻ ഹൈക്കോടതിയുയിൽ പണികഴിപ്പിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും രാജ്യത്തിന്റെ നിയമസംവിധാനത്തിന് പോരായ്മകൾ ഉണ്ടെന്നും അത് കാലാനുസൃതമായി തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതും കോടതിയിതര തർക്ക പരിഹാര സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതുമാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇങ്ങനെ ചെയ്യുന്നതിലൂടെ കോടതിയിൽ എത്തുന്ന കേസുകളിലും , കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളിലും ഗണ്യമായ കുറവ് വരുത്താൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നവംബർ 27നാണ് തെലങ്കാന, ഹൈദരാബാദിലെ ഷംഷാദിൽ വച്ച് വനിതാ വെറ്റിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ തീകൊളുത്തിയത്.