നിത്യാനന്ദയ്ക്ക് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയിട്ടില്ലെന്നും, ഹെയ്തിലേക്ക് കടന്നതായും ഇക്വഡോര്‍

ബലാത്സംഗ കേസുകളില്‍ പ്രതിയായ ആള്‍ദൈവം ഇന്ത്യയില്‍ നിന്ന് കടന്ന് ഇക്വഡോറില്‍ സ്വന്തമായി ഒരു ദ്വീപ് വിലക്കുവാങ്ങി ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഹിന്ദു രാജ്യം നിര്‍മ്മിക്കാന്‍ ഭൂമി നല്‍കുകയോ സൗത്ത് അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ എംബസി വ്യക്തമാക്കി.

ഇക്വഡോര്‍ എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ അഭ്യര്‍ഥന തള്ളിതായി വ്യക്തമാക്കുന്നത്. പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇറങ്ങിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്താ കുറിപ്പ് പുറത്തിറക്കുന്നതെന്നും മേലില്‍ ഈ വിവാദങ്ങളില്‍ ഇക്വഡോറിന്റെ പേര് ഒഴിവാക്കിത്തരണമെന്നും എംബസി പറയുന്നു.

ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് അപ്രത്യക്ഷനാകുകയായിരുന്നു. ഇയാള്‍ ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പോലീസും സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇയാള്‍ എങ്ങനെ രാജ്യം വിട്ടെന്നും എവിടേയ്ക്കാണ് പോയിരിക്കുന്നതെന്നും ഒരു വ്യക്തതയുമില്ല.

അതിനിടെ നിത്യാനന്ദ കോടതിയെയും നിയമവ്യവസ്ഥയും വെല്ലുവിളിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നവംബർ 22ന് നിത്യാനന്ദ ഇന്ത്യവിട്ടുവെന്ന ഗുജറാത്ത് പൊലീസിന്റെ സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയത്. ആർക്കും തന്നെ തൊടാനാകില്ലെന്നാണു വിഡിയോയിൽ നിത്യാനന്ദയുടെ വാദം. ഒരു കോടതിക്കും തനിക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ആൾദൈവം വാദിക്കുന്നു. സത്യം എന്താണെന്നു പുറത്തുകൊണ്ടുവന്ന് എന്റെ സത്യസന്ധത തെളിയിക്കും. ആർക്കും എന്നെ തൊടാൻ സാധിക്കില്ല.നിങ്ങളോടു സത്യം പറയാൻ എനിക്കു സാധിക്കും. ഞാൻ പരമ ശിവനാണ്. സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല- വിഡിയോയിൽ നിത്യാനന്ദ പറയുന്നു.

തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണ് ഈ വീഡിയോയിൽ നിത്യാനന്ദ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ഇന്ത്യയിൽനിന്നാണോ പുറം രാജ്യത്ത് നിന്നാണോ എടുത്തത് എന്ന് വ്യക്തമല്ല. “എന്നിലുള്ള വിശ്വാസവും സത്യനിഷ്ഠയും പാലിക്കുന്ന നിങ്ങൾക്ക് ഒരിക്കലും മരണം പോലും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു” – എന്നും നിത്യാനന്ദ പറയുന്നു.അതേസമയം നിത്യാനന്ദയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്പോർട്ടിനായി നിത്യാനന്ദ നൽകിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസം മുതൽ കാണാതായ നിത്യാനന്ദയെ പിടികൂടാൻ ശ്രമങ്ങൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു.നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഞങ്ങൾ നിത്യാനന്ദയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. പൊലീസിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ പുതിയ പാസ്പോർട്ടിനുള്ള അപേക്ഷയുമായും മുന്നോട്ടുപോകാൻ സാധിക്കില്ല. നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാൻ വിദേശരാജ്യങ്ങളിലെ സർക്കാരുകൾക്കു നിർദേശം നൽകി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും രവീഷ് കുമാർ പ്രതികരിച്ചു.