കൊല്ലത്ത് 17കാരിയെ പെൺവാണിഭത്തിനിരയാക്കിയ അമ്മാവന്റെ ഭാര്യയടക്കം നാലുപേർ പിടിയിൽ

കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ നാലുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുട്ടിയെ കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിലും വിവിധ സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്. കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.

കൂടാതെ കൊല്ലം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്‌റ്റേകളില്‍ കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലര്‍ക്കും കാഴ്ചവച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഒമ്പതാം തീയതി ജോലിക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പിറ്റേന്ന് അമ്മായി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍,​ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ ഒരു മതസ്ഥാപനത്തിലാക്കി. ഇവിടെ വച്ചുനടന്ന കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.