വിത്തുകാളകളായ വികാരിമാരെ ഭയന്ന് കഴിഞ്ഞ വർഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകൾ

ലൈംഗിക അതിക്രമങ്ങളിൽ മനസ് മടുത്ത് കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുമാത്രം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകൾ. കാത്തലിക് പ്രീസ്റ്റ് ആൻഡ് എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.ഇടവകയിലെ കുഞ്ഞാടുകളുടെയും മുട്ടനാടുകളുടെയും മഠം ചാടിയവൾ എന്ന അപമാനിക്കലും വീട്ടുകാരുടെയും ബന്ധുക്കളുടെയും ദുരഭിമാനവും നാണക്കേടും മാനക്കേടും രക്ഷിക്കാനും സഭാ കുഞ്ഞാടുകളുടെ ഊരുവിലക്കും കുടുംബവിലക്കും ഭയന്ന് പലരും പോയത് വിദേശത്തേക്ക്. സഭ വിട്ട വൈദികരുടെ എണ്ണവും ഒട്ടും പിന്നിലല്ല. നൂറോളം വൈദികരും സഭ വിട്ടിട്ടുണ്ടെന്ന് അസോസിയേഷൻ ചെയർമാൻ റെജി ഞെല്ലാനി പറഞ്ഞു.

ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ഭാഗമായി 2015ലാണ് സഭ വിട്ടിറങ്ങുന്നവർക്ക് സഹായഹസ്തമേകുക എന്ന ലക്ഷ്യത്തോടെ കാത്തലിക് പ്രീസ്റ്റ് ആൻഡ് എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ രൂപീകരിച്ചത്. പിന്നീടങ്ങോട്ട് നിരവധി കേസുകളാണ് സഭ വിട്ടിറങ്ങുന്നവരുമായി ബന്ധപ്പെട്ട് അറിയാൻ കഴിഞ്ഞത്. സഭ വിട്ട് ഇറങ്ങിയവരിൽ പലരും സ്വവർഗ രതിയുൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരാണ്. തിരുവസ്ത്രം ഉപേക്ഷിച്ച ഇവരെല്ലാം ജീവനും കൊണ്ട് പലായനം ചെയ്തു. മാനസിക പീഡനം ഭയന്ന് പലരും വിദേശത്തേക്ക് പോവുകയാണ് ചെയ്യുന്നത്. മഠങ്ങളിൽ കഴിഞ്ഞ കാലയളവിൽ ചില ദുരൂഹ മരണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പലതും പുറത്തറിയാറില്ലെന്ന്‌ റെജി ഞെല്ലാനി പറഞ്ഞു.

സഭകളിലെ സമ്പത്തുകളിൽ നിന്നാണ് പലപ്പോഴും പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. അതുകൊണ്ട് തന്നെയാണ് ചർച്ച് ആക്ട് നടപ്പാക്കണമെന്ന ആവശ്യം സംഘടന മുന്നോട്ട് വയ്ക്കുന്നത്. വിശ്വാസികൾ ആചാരപരമായി ബുദ്ധിമുട്ട് അനുഭവിക്കരുത്. സഭയിലേക്ക് എത്തുന്ന പണത്തിനും സഭയുടെ സ്വത്തിനും കൃത്യമായ കണക്കുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തു വന്ന പശ്ചാത്തലത്തിൽ അവർക്കെതിരെ ഒരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുകയാണ്. പലപ്പോഴായി സഭ വിട്ടു പുറത്തിറങ്ങിയ വൈദികരും കന്യാസ്ത്രീമാരും തുറന്നെഴുതിയതു തന്നെയാണ് സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുമുള്ളത്. എന്നാൽ തുറന്നെഴുത്തുകൾ മാത്രമാണ് നടക്കുന്നത് എന്നും സഭയുടെ നിലപടിൽ മാറ്റം വരുന്നില്ലെന്നും റെജി ഞെല്ലാനി പറഞ്ഞു. എന്നാൽ മുൻകാലങ്ങളെക്കാൾ സഹികെട്ട അൽമായരിലെ വലിയൊരുവിഭാഗവും സഭാ നേതൃത്വത്തിനെതിരെ രംഗത്ത് വരുന്നുണ്ടെന്നത് പ്രതീക്ഷനല്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.