ജസ്റ്റിസ് കമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

ഐ എസ് ഭീഷണിയെ തുടര്‍ന്ന് ജസ്റ്റിസ് കമാല്‍ പാഷക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. രണ്ട് വര്‍ഷത്തോളമായി അദ്ദേഹത്തിനൊപ്പമുള്ള സായുധ ഉദ്യോഗസ്ഥരേയാണ് പിന്‍വലവിച്ചത്. സുരക്ഷാ നടപടികള്‍ പിന്‍വലിച്ചതില്‍ തനിക്ക് ആശങ്കയില്ലെന്നും എന്നാല്‍ ഇക്കാര്യം അറിയിച്ചില്ലെന്നും കമാല്‍ പാഷ പറഞ്ഞു. താന്‍ നടത്തിയ വിമര്‍ശനങ്ങളാകം ഇത്തരം ഒരു നടപടിക്ക് സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ നാവടക്കാന്‍ കഴിയില്ല. പാവപ്പെട്ടവന് വേണ്ടിയും നീതിനിഷേധത്തിനെതിരേയും ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐ എസ് ഭീഷണിയുള്ളതിനാല്‍ രണ്ടു വര്‍ഷത്തോളമായി തനിക്ക് സായുധരായ ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ സുരക്ഷാ പരിശോധന കമ്മറ്റി ഇക്കാര്യം പരിശോധിച്ചപ്പോള്‍ തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് തീരുമാനിച്ചതായാണ് തന്നോട് പറഞ്ഞത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല.

കനകമല കേസിലെ പ്രതികള്‍ യഥാർത്ഥത്തില്‍ തന്നെ കൊല്ലാന്‍ വന്നരാണെന്നാണ് കണ്ടെത്തിയിരുന്നത്. വേറെയും ഭീഷണികള്‍ തനിക്കുണ്ടായിരുന്നു. പോലീസ് അസോസിയേഷന് തനിക്ക് സുരക്ഷ നല്‍കുന്നതില്‍ എതിര്‍പ്പുണ്ട്. വാളയാര്‍, അട്ടപ്പാടി സംഭവങ്ങളിലെ വിഷയങ്ങളില്‍ താന്‍ ശരിയായി പ്രതികരിച്ചിരുന്നു. ഇതാവാം എതിര്‍പ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.