കണ്ണൂരില്‍ സുന്ദരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ യുഎപിഎ കേസ്‌

പേരാവൂരില്‍ മൂന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. മാവോയിസ്റ്റ് നേതാവ് സുന്ദരി ഉള്‍പ്പെടേ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് യുപിഎയും ആയുധ നിയമവും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ മാസം രണ്ടിന് ഇവര്‍ ആയുധവുമായി പേരാവൂരിലെ കോളയാട് ചേക്കേരി കോളനിയില്‍ എത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. സ്ത്രീ മാവോയിസ്റ്റ് നേതാവ് സുന്ദരിയാണ് എന്നാണ് പോലീസിന്റെ അനുമാനം. ഇവര്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പേരാവൂര്‍ പോലീസ് വ്യക്തമാക്കി.

വർഷങ്ങൾക്കുമുമ്പ് തലയ്ക്ക് പത്തുലക്ഷം രൂപ വിലയിട്ടിട്ടും മാവോയിസ്റ്റുകളുടെ പെൺപുലിയെന്നറിയപ്പെടുന്ന സുന്ദരിയുടെ വനസേനയെ പിടികൂടാനായില്ല. ഝാർഖണ്ഡിൽ ഗറില്ലാ ആർമിയുടെ സായുധ പരിശീലനം നേടിയവരാണ് സംഘത്തിലുള്ളത് എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. കർണാടക നക്‌സൽ വിരുദ്ധസേനയുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ദിനകറിന്റെ ഭാര്യയാണ് സുന്ദരി. ബൽത്തങ്ങാടിയിലെ മുതിർന്ന നക്‌സൽ നേതാവ് വസന്തിന്റെ സഹോദരിയാണ്.