നമ്പൂതിരിക്കും നായർക്കും മാത്രമേ റോഡ് വാടകയ്ക്ക് കൊടുക്കുകയുള്ളോ എന്ന് പിപിസുമനൻ

നമ്പൂതിരിക്കും നായർക്കും മാത്രമേ നിയമവിരുദ്ധമായി റോഡ് വാടകയ്ക്ക് കൊടുക്കുകയുള്ളോ എന്ന് പിപിസുമനൻ. തനിക്ക് പൊങ്കാലയും സർപ്പം തുള്ളലും നടത്താൻ ആലപ്പുഴ മുതൽ കലവൂർ വരെയുള്ള റോഡ് വാടകയ്ക്ക് തരണമെന്നാവശ്യപ്പെട്ട് ഇന്നലെ കളക്ടർക്ക് നൽകിയ അപേക്ഷ സ്വീകരിക്കാൻ തയ്യാറാകാതിരുന്ന ജില്ലാ ഭരണാധികാരികളുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു നടുറോഡിൽ പൊങ്കാലയ്‌ക്കെതിരെ ദീർഘകാലമായി ഒറ്റയാൾ പോരാട്ടവും നിയമനടപടികളും നടത്തിവരുന്ന റിട്ടയേഡ് അദ്ധ്യാപകൻ പിപി സുമനൻ.

താൻ ആലപ്പുഴയിലെ അതിപുരാതന ഈഴവ കുടുംബാംഗമാണെന്നും കുമാരനാശാൻ എസ്എൻഡിപിയോഗം സെക്രട്ടറിയായിരിക്കുമ്പോൾ കേരളത്തിൽ ആദ്യമായി എസ്എൻഡിപി ശാഖകൾ തുടങ്ങിയപ്പോൾ ഒന്നാം നമ്പർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപിയോഗം കുട്ടനാട് ബ്രാഞ്ച് നമ്പർ 1 ൻറെ ആദ്യ ശാഖാസെക്രട്ടറിയായിരുന്നു തൻറെ പിതാവെന്നും ചക്കുകുളത്തു കാവിലെ രാധാകൃഷ്ണൻ നമ്പൂതിരിയുടെ വീട്ടുകാർക്കും സിൽബന്ദികളായ കുറെ ശൂദ്രന്മാർക്കും ആറ്റുകാലിലിലെ ശൂദ്രർക്കും മാത്രമല്ല കുടുംബ മഹിമയും കുടുംബക്ഷേത്രങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്വന്തമായി ഉള്ളതെന്നും തങ്ങൾക്കും ഇതൊക്കെയുണ്ടെന്നും നമ്പൂതിരിയുടെയും നായരുടെയും അന്ധവിശ്വാസങ്ങൾ മാത്രമേ അധികാരികൾ അംഗീകരിക്കുകയുള്ളോ എന്നും അദ്ദേഹം ചോദിച്ചു.

താൻ വിശ്വാസിയല്ലെങ്കിലും തൻറെ കുടുംബക്ഷേത്രത്തിൽ ഭാര്യയുടെ വകയായി ഒരു പൊങ്കാലയും കളമെഴുത്തും പാട്ടും നടത്താൻ തീരുമാനിക്കുകയും ആയതിലേക്ക് ആലപ്പുഴ മുതൽ കലവൂർ വരെയുള്ള റോഡ് തനിക്ക് വാടകയ്ക്ക് തരണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം രേഖാമൂലം അപേക്ഷ നൽകിയത്. എന്നാൽ ജില്ലാ അധികാരികൾ തൻറെ അപേക്ഷ നിരസിക്കുകയും രാധാകൃഷ്ണൻ നമ്പൂതിരിയുടെ കുടുംബക്ഷേത്രത്തിൽ പൊങ്കാലയ്ക്ക്`ആലപ്പുഴ പത്തനംതിട്ട ജില്ലകക്ടർമാർ രണ്ടുജില്ലകളിലെ 21 കി.മി റോഡ് അടുപ്പു കൂട്ടാനായി വിട്ടുകൊടുക്കുകയും റോഡിൽ കഞ്ഞിവെപ്പിനുള്ള വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തതായി ഇന്നത്തെ മനോരമയിൽ വർത്തകണ്ടിരുന്നു.റോഡിൽ കഞ്ഞിവെക്കുന്നതിന് എത്തിച്ചേരുന്ന അന്ധവിശ്വാസികളുടെ സൗകര്യാർത്ഥം കെ എസ് ആർടിസി പ്രത്യേക ട്രിപ്പുകളും 2000 പോലീസുകാരെയും അവിടേക്ക് ഡ്യൂട്ടിക്ക് ഇട്ടിട്ടുള്ളതായിക്കണ്ടു. ഇതുകൂടാതെ പ്രാഥമീകസൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കുവാൻ തുടങ്ങി.ഇത് ഇരട്ട നീതിയല്ലേയെന്ന് അദ്ദേഹം ചോദിച്ചു.

സ്വന്തമായി അന്ധവിശ്വാസങ്ങളും തട്ടിപ്പുകേന്ദ്രങ്ങളുമുള്ള നമ്പൂതിരിയുടെയും നായരുടെയും അന്ധവിശ്വാസകേന്ദ്രങ്ങൾക്ക് സർക്കാർ സംവിധാനങ്ങളും പണവും ദുരുപയോഗപ്പെടുത്തുമ്പോൾ കേരളത്തിലെ എറ്റവും കൂടുതൽ അംഗസംഖ്യയുള്ള സമുദായത്തിൽ പിറന്ന തൻറെ കുടുംബക്ഷേത്രത്തിലെ അന്ധവിശ്വാസങ്ങൾക്ക് നേരെ വിവേചനം കാണിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാധാകൃഷ്ണൻ നമ്പൂതിരിയുടെ അന്ധവിശ്വാസങ്ങൾ പോലേ വിലപ്പെട്ടതാണ് അതിപുരാതന ഈഴവ കുടുംബത്തിൽപിറന്ന തനിക്ക് തൻറെയും അന്ധവിശ്വാസങ്ങൾ എന്നും അവയുടെ സംരക്ഷണത്തിനായി താനും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ കോടതികളും അന്ധവിശ്വാസങ്ങൾക്കൊപ്പമായതിനാലാണ് താനും ഇതിലെ നിയമലംഘനങ്ങൾക്കെതിരെ കോടതിയിൽപോകാതെ നമ്പൂതിരിക്കും നായർക്കും മാത്രമല്ല അന്ധവിശ്വാസമുള്ളതെന്നും തൻറെ കുടുംബത്തിന്റെയും അന്ധവിശ്വാസങ്ങൾ സംരക്ഷിച്ചു കിട്ടാൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുവേണ്ടിയാണ് താൻ റോഡ് വാടകയ്ക്ക് ചോദിച്ച് അപേക്ഷ നൽകിയതെന്നും ഉടൻ തന്നെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിപി സുമനൻറെ ഒറ്റയാൾപ്പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അസവർണ്ണ യുക്തിവാദിസംഘം രംഗത്തവന്നിട്ടുണ്ട്. പൊങ്കാല ദിവസം കളക്റ്ററേറ്റ് പടിക്കൽ പൊങ്കാല വിരുദ്ധ കഞ്ഞിവെക്കൽ സമരവും ആലപ്പുഴയിലെ അസവർണ്ണ യുക്തിവാദികൾ സംഘടിപ്പിച്ചിട്ടുണ്ട്.കൂടാതെ ഡിങ്കോയിസ്റ്റുകൾ പിപി സുമനന് ഐക്യദാർഢ്യവുമായി ആചാരപരമായ “തിരു ഡിങ്കാല”യും നടത്തുന്നുണ്ട്. ഡിങ്കഭഗവാൻ്റെ ഇഷ്ടഭക്ഷണായ കപ്പയും ഉണക്കമീനും ചുട്ടുകൊണ്ടാണ് ഡിങ്കാല അർപ്പിക്കുക.