ത്രിപുരയിൽ 17കാരിയെ കൂട്ടമാനഭംഗം ചെയ്ത് തീകൊളുത്തി കൊന്നു

രാജ്യത്താകെ സ്‌ത്രീകളോടുള്ള ക്രൂരത വർദ്ധിക്കുന്നതിനിടെ ത്രിപുരയിൽ. 17കാരിയെ രണ്ട് മാസത്തോളം പൂട്ടിയിട്ട് മാനഭംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. അതേസമയം, ഉത്തർപ്രദേശിൽ പീഡന പരാതി പിൻവലിക്കാൻ വിസമ്മതിച്ച യുവതിക്കു നേരെ ആസിഡ് ആക്രമണം ഉണ്ടായി.

യു. പിയിലെ ഉന്നാവോയിൽ പീഡനക്കേസ് പ്രതികൾ ചുട്ടെരിച്ചു കൊന്ന യുവതിയുടെ മൃതദേഹം മണ്ണിലടക്കിയതിന് പിന്നാലെയാണ് രണ്ട് സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തത്.

ത്രിപുരയിലെ ശാന്തിനഗറിൽ 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ കാമുകൻ അജോയ് രുദ്രപാലും അമ്മയും ചേർന്നാണ് തീയിട്ടത്. സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പെൺകുട്ടിയെ വിട്ടുതരാൻ 50,000 രൂപ അജോയ് രുദ്രപാൽ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. 17,000 രൂപ നൽകാനേ കഴിഞ്ഞുള്ളൂ. തുടർന്ന് ചുട്ടുകൊന്നു എന്നാണ് ആരോപണം.

പെൺകുട്ടി മരിച്ചതോടെ, ആശുപത്രിയിലെത്തിയ അജോയിയെയും അമ്മയെയും നാട്ടുകാർ മർദ്ദിച്ചു. ഇരുവരെയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്തർപ്രദേശിൽ മുസഫർനഗറിലാണ് പീഡനപരാതി പിൻവലിക്കാൻ വിസമ്മതിച്ച 30 കാരിയുടെ ദേഹത്ത് പ്രതികൾ ആസിഡ് ഒഴിച്ചത്. 30 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയിലാണ്.