പൗരത്വ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു; മുസ്ലിംങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് അമിത് ഷാ

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരനെ വിഭജിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. നേരത്തെ വ്യക്തമായ ഭൂരിഭക്ഷത്തിന് ലോക്‌സഭ കടന്ന ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ആറ് മണിക്കൂര്‍ ചര്‍ച്ചയാണ് ബില്ലിനായി അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ച ലോക്‌സഭ പാസാക്കിയ പൗരത്വഭേദഗതി ബില്‍ അഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു.

ഭരണപക്ഷത്തെ മുഴുവന്‍ കക്ഷികളും ബില്ലിനെ പിന്തുണക്കുമെന്ന് അറിയിച്ച് കഴിഞ്ഞതിനാലും പ്രതിപക്ഷ നിരയിലെ ചില പാര്‍ട്ടികള്‍ വ്യക്തമായ നിലപാട് ഇനിയും പ്രഖ്യാപിക്കാത്തതിനാലും ബില്‍ രാജ്യസഭയും കടക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പൗരത്വ ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേന ഇന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കില്ല എന്ന രീതിയിലേക്് നിലപാട് മാറ്റിയിരിക്കുകയാണ്.

ബില്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും എതിരല്ലെന്ന് രാജ്യസഭയില്‍ അവതരണം നടത്തിക്കൊണ്ട് അമിത് ഷാ പറഞ്ഞു. മുസ്ലിംങ്ങളെ പരിഭ്രാന്തരക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി അഭയാര്‍ഥികളെ പോലെ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് ബില്ലെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും മതന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൊല്ലപ്പെടുകയോ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി കുടിയേറുകയോ ചെയ്തിട്ടുണ്ട്. പൗരത്വ നിയമം നടപ്പാക്കുന്നത് ജനങ്ങളുടെ അംഗീകാരം നേടിയ ശേഷമാണ്. പൗരത്വഭേദഗതി നിയമം ബി ജെ പിയുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു. വോട്ടുബാങ്ക് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ബില്‍ കൊണ്ടുവന്നതെന്ന് ആരോപിക്കുന്നവര്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഒന്നു പരിശോധിക്കം.

ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഈ ബില്ലിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. ഇതവരെ ഒരു രീതിയിലും ബാധിക്കുന്ന ഒന്നല്ല. പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കണം എന്നാണോ നിങ്ങള്‍ പറയുന്നത്. അതൊന്നും പ്രായോഗികമല്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.