പൗരത്വ നിയമം ബംഗാളില്‍ അഞ്ചു ട്രെയിനുകള്‍ കത്തിച്ചു, റോഡ്-റെയില്‍ ഗതാഗതം സ്തംഭിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലെ പ്രക്ഷോഭത്തില്‍ സ്ഥിതി കൂടുതല്‍ കലൂഷിതമാകുന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ അഞ്ചു ആളില്ല ട്രെയിനുകള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. റോഡുകള്‍ തടസ്സപ്പെടുത്തി ഗതാഗതവും ട്രെയിന്‍ സര്‍വീസും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്.

ഹൗറ, മുര്‍ഷിദാബാദ് ജില്ലകളിലാണ് പ്രതിഷേധക്കാര്‍ ശനിയാഴ്ച അക്രമം അഴിച്ചുവിട്ടത്. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്തിയും റെയില്‍വേ സ്‌റ്റേഷനുകളില്‍ തീയിട്ട് ട്രെയിന്‍ സര്‍വീസും തടഞ്ഞു. ബസുകളും പൊതുമുതലുകളും അക്രമികള്‍ തകര്‍ത്തു. സാന്‍ക്രയില്‍ റെയില്‍വേ സ്‌റ്റേഷന്റെ ഒരു ഭാഗം നൂറു കണക്കിനു പ്രക്ഷോഭകര്‍ ഇരച്ചെത്തി അഗ്നിക്കിരയാക്കി. സമീപത്തുള്ള കടകളിലും പ്രതിഷേധക്കാര്‍ തീയിട്ടു. സംസ്ഥാനത്ത് മൂന്നു സ്‌റ്റേറ്റ് ബസുകള്‍ ഉള്‍പ്പെടെ 15 ഓളം ബസുകള്‍ക്കാണ് തീയിട്ടിരിക്കുന്നത്. യാ;്രക്കാരെ പുറത്തേയ്ക്ക് ഇറക്കിയതിനു ശേഷമാണ് തീയിട്ടത്. വടക്കന്‍-തെക്കന്‍ ബംഗാളിനെ ബന്ധിപ്പിക്കുന്ന ദേശീയപാത-34 ഉം ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

ഉലുബെരിയ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എഞ്ചിനു നേരെ കല്ലേറുണ്ടായി. ഇവിടെ ട്രാക്കുകളും തടസ്സപ്പെടുത്തിയതോടെ ട്രെയിന്‍ ഗതാഗതവും നിലച്ചു. മുര്‍ഷിദാബാദിലെ ട്രെയന്‍ ഗതാഗതവും സ്തംഭിച്ചു. ജംഗിപൂര്‍, മഹിപാല്‍ എന്നിവിടങ്ങളിലും അടുത്ത റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. ലാല്‍ഗോളയ്ക്കും പലാസിക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസും റദ്ദാക്കി. സക്രെയ്ല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് കൗണ്ടര്‍ അക്രമികള്‍ തീയിട്ടു. കോന എക്‌സ്പ്രസ് വെയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് മുര്‍ഷിദാബാദ് ഇമാം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും വെള്ളിയാഴ്ചയോടെയാണ് ബംഗാളില്‍ പ്രതിഷേധം ആഞ്ഞടിച്ചു തുടങ്ങിയത്. മുര്‍ഷിദാബാദ് ജില്ലയില്‍ ബെല്‍ദങ്കാ റെയില്‍വേ സ്‌റ്റേഷന്‍ തകര്‍ക്കുകയും ജീവനക്കാരെ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സ്‌റ്റേഷന്‍ മാസ്റ്ററുടെ കാബിന്‍ തീയിടുകയും ടിക്കറ്റ് കൗണ്ടര്‍ കൊള്ളയടിച്ചതിനു ശേഷം തീയിടുകയും ചെയ്തു. ബെല്‍ദങ്കയില്‍ ദേശീയ പാതയും പ്രതിഷേധക്കാര്‍ കയ്യേറി ഉപരോധിച്ചു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നശിപ്പിക്കുകയും ടയറുകള്‍ കത്തിച്ച് ഗതാഗതും സ്തംഭിപ്പിക്കുകയും ചെയ്തു. ജലംഗി, റാഗുനാഥ്ഗഞ്ച്, സാംസെര്‍ഗഞ്ച്, കണ്ഡി, ബഹരംപൂര്‍, ഡോംങ്കല്‍ എന്നിവിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. ബംഗാളിനു പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, ത്രിപുര, മേഘാലയ എന്നിവിടങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്.