പൗരത്വ നിയമത്തിൽ മാറ്റം ആലോചിക്കാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന, ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേഗഗതി നിയമത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധം ആളിക്കത്തുന്നതിനിടെ പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.

വടക്കുകിഴക്കന്‍ ഭാഗത്ത് ശനിയാഴ്ച അക്രമങ്ങള്‍ തുടര്‍ന്നു. ഇവിടങ്ങളിലെ സംസ്കാരവും രാഷ്ടീയാ അധികാരവും ശക്തമായി തന്നെ തുടരും. അവരെ സംരക്ഷിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അമിത് ഷാ ശനിയാഴ്ച ഝാര്‍ഖണ്ഡിലെ ഗിരിദിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

തന്നെ കണ്ട് ആശങ്കയറിയിച്ച മേഘാലയ മുഖ്യമന്ത്രിയോട് ക്രിസ്മസിന് ശേഷം ചർച്ചയാകാമെന്ന് അറിയിച്ചുവെന്നും നന്നായി ആലോചിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ഭയപ്പെടേണ്ടെന്നും അമിത് ഷാ പറഞ്ഞു.

പശ്ചിമ ബംഗാള്‍, അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം വ്യാപകമായ പ്രക്ഷോഭമാണ് പൗരത്വ ഭേദഗതിക്കെതിരെ നടന്നത്. പ്രതിഷേധം അഞ്ച് പേരുടെ മരണത്തിനിടയാക്കി.

പുതുക്കിയ നിയമം പാസ്സായതു മുതല്‍ വടക്കു കിഴക്കന്‍ മേഖലയിലെ പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. ജാമിഅ മില്ലിയ അടക്കം പ്രധാന യൂനിവേഴ്‌സിറ്റികളിലും പ്രക്ഷോഭങ്ങള്‍ക്ക് കളമൊരുങ്ങിയിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് വിദേശ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പൗരത്വം നല്‍കുന്നതിലെ മത വിവേചനത്തിനെതിരെ രാജ്യ വ്യാപകമായിയുണ്ടായ പ്രതിഷേധം കേന്ദ്ര തലവേദനയായി.

വോട്ടു ബേങ്ക് ശക്തമാക്കാമെന്ന മോഹത്തിന് തിരിച്ചടിയായി ബി ജെ പിക്ക് വോട്ടു ചെയ്യുന്നവർ പോലും പ്രതിഷേധത്തിനിറങ്ങി. പ്രതിഷേധം തണുപ്പിക്കാനാണ് പുതിയ പ്രഖ്യാപനമെന്നാണ് സൂചന. നിയമത്തിൽ യാതൊരു വിധ മാറ്റങ്ങളും ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് നിയമത്തില്‍ സര്‍ക്കാര്‍ പുനര്‍ വിചിന്തനത്തിനൊരുങ്ങുമെന്ന് പറയുന്നത്.