പൗരത്വ ഭേഗഗതിബിൽ ഇന്ത്യയുടെ മതേതരത്വത്തിൻറെ കടക്കല്‍ കത്തിവെക്കൽ ആണെന്ന് രമേശ് ചെന്നിത്തല

ഇന്ത്യന്‍ ഭരണഘടന തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസംവിധാനങ്ങള്‍ നിസഹായരാക്കപ്പെടുകയും എക്സിക്യുട്ടീവ് സ്വാതന്ത്ര്യമില്ലാതെ പകച്ചു നില്‍ക്കുകയും മാധ്യമങ്ങള്‍ ബോധപൂര്‍വ്വമായി നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക അവസ്ഥയില്‍ സംഘടിതമായ പ്രതികരണ ശേഷി ഉണരണം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍ കെ എം ബഷീര്‍ നഗറില്‍ (കാസിനോ കള്‍ച്ചറല്‍ ഓഡിറ്റോറിയം) നടന്ന ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ചു.

പൗരത്വ ഭേഗഗതിയെന്നത് മുസ്‌ലിം സമുദായത്തിന്റെ മാത്രംപ്രശ്നമല്ല. ഇന്ത്യയുടെ മതേതര സ്വഭാവത്തിന്റെ കടക്കല്‍ കത്തിവക്കുന്നതാണ്. ഗാന്ധിജിയെ വധിച്ച ഗോഡ്സെ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വിഭജനമുയര്‍ത്തി സെക്യുലര്‍ സ്റ്റേറ്റെന്ന സ്വഭാവം തന്നെ തകര്‍ക്കലാണ് ലക്ഷ്യം. മതേതര സ്വഭാവം ഇന്ത്യയുടെ അടിസ്ഥാന ഘടകമാണ്. അതു തകര്‍ക്കാനുള്ള നീക്കത്തെ സംഘടിതമായി ചെറുക്കണം. പൗരത്വ ഭേദഗതി പിന്നാലെ വരുന്ന മറ്റ് അപകടകരമായ നിയമ സംവിധാനങ്ങളിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി എസ് സുനില്‍കുമാര്‍, ചീഫ് വിപ്പ് കെ രാജന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ്, മുന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍, മുന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍, സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമന്‍, സെക്രട്ടറിമാരായ ഷബ്ന സിയാദ്, ശ്രീല പിള്ള, ജന. കണ്‍വീനര്‍ എം വി. വിനീത, യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ പ്രഭാത് സംബന്ധിച്ചു.