“ഉൻകേ കപ്പടോം സേ പതാ ചൽ ജാത്താ ഹെ”: തലേൽ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന വേറൊരു കൂട്ടരുണ്ട്!

റോയി മാത്യു

തൊപ്പി വെച്ച വായില്ലാക്കുന്നിലപ്പന്മാരെ …,

രാജ്യം കുട്ടിച്ചോറായാലും വേണ്ടില്ല, തലേൽ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന ഒരു കൂട്ടരുണ്ട് – കേരളത്തിലെ ക്രിസ്ത്യൻ മതമേധാവികൾ – ഷൈലോക്കി നേപ്പോലെ പണപ്പെട്ടിക്ക് മുമ്പിലിരുന്ന് പണമെണ്ണുന്ന തൊരപ്പന്മാർ. സ്വാതന്ത്ര്യ സമരം വന്നാലും അടിയന്തരാവസ്ഥ വന്നാലും വെള്ളപ്പൊക്കം വന്നാലും രാജ്യം കത്തിയാലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ല, പത്ത് ചക്രമുണ്ടാക്കാൻ പറ്റുന്ന കാര്യങ്ങളിലാണ് ഈ കൂശ്മാണ്ഡങ്ങൾക്ക് താല്പര്യം – പെണ്ണുപിടുത്തക്കേസുകളിൽ ഈ നൈറ്റിയിട്ടവന്മാരെ പിടിച്ചാൽ വടീം പിടിച്ച് ഇവമ്മാര് റോഡിലിറങ്ങും.

പൗരത്വ ബില്ലിന്റെ പേരിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നു. ജാതി- മത, നിറ, വസ്ത്ര ഭേദമില്ലാതെ ജനങ്ങൾ തെരുവിലിറങ്ങുന്നു. ഇങ്ങ് കേരളത്തിലും ഇതിന്റെ അലയൊലികൾ ഉയരുന്നു. 200ലധികം ചുവന്ന നൈറ്റിയിട്ട മെത്രാന്മാര് ഇവിടെ ചടഞ്ഞ് കൂടി ഇരിപ്പുണ്ട്. തമ്മിൽ തല്ലിയും തല വെട്ടിക്കീറിയും പിടിച്ചുപറിച്ചും നടക്കുന്ന മാഫിയാക്കുട്ടങ്ങൾ – രാജ്യത്തിന്റെ മതേതര സ്വഭാവം തന്നെ അട്ടിമറിക്കപ്പെടുന്ന ഇക്കാലത്ത് ഇവമ്മാരെല്ലാം മിണ്ടാട്ടം മുട്ടി സ്വത്ത് കെട്ടിപ്പിടിച്ചിരിക്കയാണ്.

സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പവും പിന്നീട് സർ സിപി ക്കൊപ്പവും നിന്ന് വസ്തുക്കളും കെട്ടിടങ്ങളും അടിച്ചെടുക്കാനായിരുന്നു മെത്രാന്മാരുടെ താല്പര്യം- സർ സി പി യുടെ ഷഷ്ടിപൂർത്തിക്ക് മംഗള പത്രം സമർപ്പിക്കാൻ മെത്രാന്മാർ പരസ്പരം മത്സരിച്ച കഥകൾ ചരിത്രത്തിലുണ്ട്.

അന്ന് സിപിക്കെതിരെ പരസ്യമായി രംഗത്ത് വരാൻ ധൈര്യം കാണിച്ച ഒരേ ഒരു ബിഷപ്പുമാത്രമേ തിരുവിതാംകൂറിലു ണ്ടായിരുന്നൊള്ളു- മാർത്തോമ്മ സഭയിലെ ഏബ്രഹാം മാർത്തോമ്മ മെത്രാപ്പോലീത്ത. അന്ന് ചെറുപ്പക്കാരെ സംഘടിപ്പിച്ച് ദേശിയ സമരത്തോടൊപ്പം നിന്നത് കേരള ചരിത്രത്തിലെ ആ പൂർവമായ സംഭവമാണ്. അതുപോലെ 1976 ലും സംഭവിച്ചു – അടിയന്തരാവസ്ഥക്കെതിരെ അന്നും ഒരു ബിഷപ്പ് രംഗത്ത് വന്നു – അതും അന്നത്തെ മാർത്തോമ്മ മെത്രാപോലിത്ത ആയിരുന്ന യൂഹാനോൻ മാർത്തോമ്മ മെത്രാപോലീത്ത അടിയന്തരാവസ്ഥ പിൻവലിക്കണമെന്നാ വശ്യപ്പെട്ട് ഇന്ദിരാഗാന്ധിക്ക് കത്തെഴുതി. അതൊക്കെ അന്ത: ക്കാലം!

പൗരത്വ ബില്ലിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടെന്താണ്? കാക്കത്തൊള്ളായിരം സഭകൾ ഇവിടെ ഉണ്ട്? ഇതിനൊക്കെ കോടാനുകോടി രൂപയുടെ സ്വത്തും മറ്റ് ആടയാ ഭരണങ്ങളുമുണ്ട്. പത്തിരുനുറ് മെത്രാന്മാരും പതിനായിരക്കണക്കിന് പാതിരി മാരുമുണ്ട്.

പെണ്ണുപിടിയന്മാരെ രക്ഷിക്കാനല്ല നിങ്ങൾ തെരുവിൽ ഇറങ്ങേണ്ടത് – രാജ്യത്തെ രക്ഷിക്കാനും തെരുവിൽ ഇറങ്ങാനും നിങ്ങൾക്ക് ബാധ്യത ഉണ്ട്. രാജ്യമില്ലെങ്കിൽ നിങ്ങടെ ഈ സഭകൾക്കെന്ത് പ്രസക്തി? രാജ്യത്തിന്റെ മതേതര സ്വഭാവം നഷ്ടപ്പെട്ടാൽ പിന്നെ തിരുമേനിയും അരമനയും എഴുന്നെള്ളത്തും കല്പനയുമൊക്കെ കിനാവിൽ മാത്രം ഒതുങ്ങും…!

വാൽ കഷ്ണം: അർദ്ധ നഗ്നനായ മനുഷ്യൻ ജീവൻ ബലി കൊടുത്ത് നേടിത്തന്ന ഈ രാജ്യത്തെ ജനങ്ങളെ തുണിയുടെ പേരിൽ വെട്ടിമുറിക്കുന്നു.തുണിയുടെ നിറവും സൈസും നോക്കി സ്വന്തം ജനങ്ങളെ വേട്ടയാടുന്ന നേതാവിനെ എങ്ങനെ നമ്മൾ വിശ്വസിക്കും? അയാൾ പറയുന്നു “ഉൻകേ കപ്പടോം സേ പതാ ചൽ ജാത്താ ഹെ”