ആലപ്പുഴയില്‍ സ്വന്തം കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തിയ അമ്മ ദീപക്ക് ജീവപര്യന്തം

പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെ (34) ആണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2011 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍ത്താവിനോട് വഴക്കിട്ട യുവതി സ്വന്തം കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ദീപ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. വീട്ടിലെ ലാന്‍ഡ് ഫോണ്‍ ബില്‍ കൂടിയതിന്റെ സംശയത്തില്‍ ഭര്‍ത്താവ് നടത്തിയ അന്വേഷണത്തില്‍ ദീപയ്ക്ക് മറ്റൊരു ബന്ധം കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവും ദീപയും തമ്മില്‍ വഴക്കുണ്ടായി. തര്‍ക്കത്തെത്തുടര്‍ന്നു ഭര്‍ത്താവ് ബന്ധമുപേക്ഷിക്കാന്‍ തീരുമാനിച്ചതിനാല്‍ ദീപയെ മാതാവും സഹോദരിയുമെത്തി വീട്ടിലേക്കു കൊണ്ടുപോയി.

അന്നു രാത്രി മകനു വിഷം നല്‍കിയ ശേഷം ദീപ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദീപ പിന്നീട് രക്ഷപ്പെട്ടു.