കോട്ടയത്ത് പട്ടാപ്പകൽ ഹോട്ടലിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു; ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ഇറങ്ങി ഓടി

കാണക്കാരിയില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തീപടര്‍ന്ന് പിടിച്ച് ഹോട്ടലിന് തീയിട്ട ബേബി എന്നയാള്‍ക്കും ഹോട്ടല്‍ ഉടമ പി സി ദേവസ്യക്കും പൊള്ളലേറ്റു. സംഭവത്തിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവര്‍ ഇറങ്ങിയോടി.

ഇന്നു രാവിലെയാണ് സംഭവം. കാണക്കാരി അമ്പലക്കവല ജംക്ഷനിലെ അപ്പൂസ് ഹോട്ടലിലാണ് അക്രമം നടന്നത്. ഹോട്ടല്‍ നവീകരിച്ചതിന്റെ പണം ദേവസ്യ ഫര്‍ണീഷിങ് കടയുടമയായ ബേബിക്കു നല്‍കിയിട്ടില്ല. ഇതു ചോദിച്ചതു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. രാവിലെ കടയില്‍ എത്തിയ ബേബി കയ്യില്‍ കരുതിയ കന്നാസില്‍ നിന്നു ഹോട്ടലിലേക്ക് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.