തിരുവനന്തപുരത്ത് കാമുകിയെ കഴുത്തറുത്ത് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് മരിച്ചത്. നേരത്തെ അഷിതയെ(21) ആണ് അനു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശേഷം അനു ആത്മഹത്യ ചെയ്യുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അഷിതയെ കൊലപ്പെടുത്തിയത്

സമീപവാസിയായ ഇയാൾ അഷിതയുടെ വീട്ടിലെത്തുമ്പോൾ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അനു പെട്ടെന്ന് വീട്ടിനകത്തേക്കു കയറി കതകടച്ചു. പിന്നെ കേൾക്കുന്നത് അഷിതയുടെ കരച്ചിലാണ്. വാതിൽ തുറന്നു നോക്കുമ്പോൾ ഇരുവരുടേയും കഴുത്തറത്ത നിലയിലാണ് നാട്ടുകാർ കണ്ടത്. രണ്ടു പേരേയും കാരക്കോണം ആശുപത്രിയിലേക്കു കൊണ്ടു പോയി. അഷിത ആശുപത്രിയിലെത്തും മുൻപു തന്നെ മരിച്ചു.

അഷിതയുടെ കഴുത്തറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.