വൈക്കത്ത് ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറി കുടുംബത്തിലെ നാല് പേര്‍ മരിച്ചു

വൈക്കം ചേരുംചുവട്ടിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഉദയംപേരൂര്‍ സ്വദേശി വിശ്വനാഥനും കുടുംബവുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം. വൈക്കം ബൈപ്പാസില്‍ നിന്ന് കുമരകം റോഡിലേക്കെത്തിയ കാറിലേക്ക് സ്വകാര്യ ബസ് പാഞ്ഞ് കയറുകയായിരുന്നു. സര്‍വീസ് ആരംഭിക്കാന്‍ കുമരകം റോഡില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് വരുകയായിരുന്നു ലിറ്റില്‍ റാണി എന്ന സ്വകാര്യ ബസ്.

ഇരു വാഹനങ്ങളും അമിത വേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പത്ത് മീറ്ററോളം കാര്‍ തെറിച്ചു വീണു. കാറിലുണ്ടായിരുന്ന ഉദയംപേരൂര്‍ സ്വദേശി വിശ്വനാഥന്‍, ഭാര്യ ഗിരിജ മകന്‍ സൂരജ്, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ അജിത എന്നിവര്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. നാല് റോഡും ബൈപ്പാസിലേക്കുള്ള പാലവും കൂടി ചേരുന്ന ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവ ശേഷം ഓടി രക്ഷപെട്ട ബസ് ജീവനക്കാര്‍ക്കെതിരെ വൈക്കം പൊലീസ് കേസെടുത്തു. വൈക്കം താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.