ഇറാന്‍-അമേരിക്ക സംഘര്‍ഷം: ഇറാന്‍-ഇറാഖ് വ്യോമ പാതയിൽ നിന്ന് വിമാന കമ്പനികള്‍ പിന്മാറുന്നു

ബഗ്ദാദില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വ്യോമ പാതയിലൂടെ സര്‍വീസ് നടത്തുന്നതില്‍ നിന്ന് വിമാന കമ്പനികള്‍ പിന്മാറുന്നു. വിമാന കമ്പനികള്‍ സഞ്ചാര ദിശ മാറ്റിയതിലൂടെ പ്രതിദിനം 15,000 യാത്രക്കാര്‍ക്ക് ഇതുമൂലം അസൗകര്യമുണ്ടാകുമെന്നും വിമാനയാത്രയില്‍ ശരാശരി 30 മുതല്‍ 90 മിനുട്ട് സമയം വരെ വര്‍ധിക്കുമെന്നും ദുബൈ ആസ്ഥാനമായുള്ള ഏവിയേഷന്‍ കണ്‍സല്‍ട്ടന്റ്‌ മാര്‍ക്ക് മാര്‍ട്ടിന്‍ പറഞ്ഞു. പുതിയ സഞ്ചാര ദിശാമാറ്റം വ്യോമയാന വ്യവസായത്തിന്റെ അടിത്തറയെ തന്നെ സാരമായി ബാധിക്കും. നിലവില്‍ ഇറാന്‍-ഇറാഖ് വ്യോമാതിര്‍ത്തിയിലൂടെ ദിനംപ്രതി 500 വാണിജ്യ വിമാനങ്ങളാണ് സഞ്ചരിക്കുന്നത്.

ഗള്‍ഫ് വ്യോമ പാത മേഖലയിലൂടെയുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കാന്‍ വിമാന കമ്പനികള്‍ക്ക് യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പുതിയ അറിയിപ്പുണ്ടാകുന്നതു വരെ ഇറാന്‍-ഇറാഖ് വ്യോമാതിര്‍ത്തി വഴിയുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായി ആസ്‌ത്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസ് എയര്‍ലൈന്‍ അറിയിച്ചു. ഇതുമൂലം 40 മുതല്‍ 50 മിനുട്ട് വരെ അധിക യാത്ര വേണ്ടിവരും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കുകയാണെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സും അറിയിച്ചു.

ഇറാഖ്, ഇറാന്‍, ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ വഴിയുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്താന്‍ റഷ്യന്‍ ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി റോസാവിയാറ്റ്‌സിയ റഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യു എ ഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സ് എയര്‍ലൈനും ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബൈയിയും ബഗ്ദാദിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു. ബുധനാഴ്ച ബഗ്ദാദിലേക്കുള്ള ഷെഡ്യൂള്‍ വിമാനം റദ്ദാക്കിയെങ്കിലും ബസ്രയിലേക്കും നജാഫിലേക്കും മറ്റ് വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തിയെന്നും ഫ്‌ളൈ ദുബൈ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ഇറാഖിലേക്കുള്ള ഏക റൂട്ടായ നജാഫിലേക്കുള്ള വിമാന സര്‍വീസ് നാലാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി കുവൈത്ത് എയര്‍വേയ്‌സ് ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം, ഇറാനിയന്‍-ഇറാഖ് വ്യോമാതിര്‍ത്തികളില്‍ സര്‍വീസ് തുടരുമെന്ന് ലുഫ്താന്‍സ എയര്‍ലൈന്‍സ് പറഞ്ഞു. തെഹ്‌റാന്‍ റൂട്ട് വ്യാഴാഴ്ച പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈന്‍ ഗള്‍ഫ് എയര്‍ലൈന്‍സ്, റോയല്‍ ജോര്‍ദാനിയാന്‍, ഈജിപ്ത് എയര്‍, ക്വാണ്ടാസ് എയര്‍ എന്നീ വിമാന കമ്പനികള്‍ നേരത്ത തന്നെ ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ് വ്യോമാതിര്‍ത്തി വഴിയുള്ള സര്‍വീസുകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്ത്യയിലെ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്‍, ഇറാഖ് വ്യോമാതിര്‍ത്തി വഴിയുള്ള എല്ലാ വിമാനങ്ങളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചതായി പാരീസ് ആസ്ഥാനമായുള്ള എയര്‍ ഫ്രാന്‍സും ഡച്ച് വിമാനക്കമ്പനിയായ കെ എല്‍ എമ്മും പറഞ്ഞു. ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ സാധാരണ ഗതിയില്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് ഏറ്റവും പ്രാധാന്യമുണ്ടെന്നും ഇറാഖിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഖത്തര്‍ എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ഇറാഖിലെ അല്‍ ആസാദ്, ഇര്‍ബില്‍ എന്നീ യു എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ ഖാസിം സുലൈമാനിയെ യു എസ് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു ബുധനാഴ്ച അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം.