തളിപ്പറമ്പില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഭാര്യ തൂങ്ങിമരിച്ചത് കണ്ട് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ചു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ തൂങ്ങിമരിച്ചത് കണ്ടതിന് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ചു. തളിപ്പറമ്പ് കുറ്റിക്കോൽ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന കുറ്റിക്കോലിലെ പ്രേമരാജന്റെ മകൻ തേരുകുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്‌നാട് വിരുദുനഗർ ശ്രീവില്ലി പൂത്തൂരിലെ രേഷ്മ (ഇസൈക്കിറാണി – 25) എന്നിവരാണ് മരിച്ചത്. സുധീഷ് കൂലിപ്പണിക്കാരനാണ്.

രേഷ്‌മയെ തൂങ്ങിയ നിലയിൽ കണ്ട ഉടൻ സുധീഷ് കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചിരുന്നു. തുടർന്ന് അതേ സാരിയുടെ ബാക്കി കഷണത്തിൽ സുധീഷും തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പത്തുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയും ഇരുവരും തമ്മിൽ വഴക്കിട്ടതായി അയൽക്കാർ പൊലീസിനോട് പറഞ്ഞു. സുധീഷ് ഇന്നലെ രാത്രിയിൽ സുഹൃത്തിനെ ഫോണിൽ വിളിച്ച് ആത്മഹത്യചെയ്യുമെന്ന് പറഞ്ഞിരുന്നുവത്രേ. എന്നാൽ തമാശയ്ക്ക് പറഞ്ഞതാവുമെന്ന് കരുതി സുഹൃത്ത് കാര്യമാക്കിയില്ല. രാവിലെ ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.

പരേതരായ മുനിയസ്വാമി – നാച്ചിയാർ ദമ്പതികളുടെ മകളാണ് രേഷ്മ. സഹോദരൻ: മുനീശ്വരൻ (ധർമ്മശാല അരുണോദയം പ്ലാസ്റ്റിക് കമ്പനി ജീവനക്കാരൻ). പരേതയായ ലക്ഷ്മിയാണ് സുധീഷിന്റെ അമ്മ. സഹോദരൻ: വിജേഷ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.