വാളയാര്‍ കേസ്: പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി മരിച്ച പെണ്‍കുട്ടികളുടെ അമ്മ

വാളായറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച് പെണ്‍കുട്ടികളുടെ കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടികളുടെ അമ്മ. വൈകിയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അമ്മ പറഞ്ഞു. മൂത്ത പെണ്‍കുട്ടി മരിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പഴയ സംഭവങ്ങളുടെ ഞെട്ടിക്കുന്ന ഓര്‍മ്മകളിലാണ് കുടുംബാംഗങ്ങള്‍.

നാല് പ്രതികളേയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടതിന് പിന്നാലെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടികളുടെ കുടുംബം. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസ് നടക്കുമ്പോഴും പ്രതികളുടെ ഭാഗത്ത് നിന്നും പലതരം ഭീഷണി ഉയരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

ഒക്‌ടോബറിലാണ് കേസിലെ പ്രതികളെ വെറുതെ വിട്ടു എന്ന കോടതി വിധി വന്നത്. പ്രതിപട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസിലെ വാദം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഏത് തരം അന്വേഷണം ആയാലും നീതി കിട്ടും വരെ പോരാടുമെന്ന നിലപാടിലാണ് പെണ്‍കുട്ടികളുടെ അമ്മ.