ആരെയെങ്കിലും പുറത്താക്കുക എന്നതിനപ്പുറം മനുസ്മൃതിയില്‍ മനുഷ്യരായി കാണാത്ത എല്ലാവരെയും രണ്ടാം തരം പൗര സമൂഹമാക്കുകയാണ് ലക്ഷ്യം

പി.പി. സുമനൻ

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സി എ എ എന്ന പേരില്‍ അറിയപ്പെടുന്ന പൗരത്വ ഭേദഗതി നിയമം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതിന്റെ വ്യത്യസ്തമായ പ്രത്യാഘാതങ്ങളും ഇന്ന് സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനിടയിൽ യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെ പ്രതിഷേധങ്ങളും നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേസും നിലനിൽക്കെ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടെന്ന പോലെ നിയമം നിലവിൽ വന്നതായി ഗസറ്റ് വിജ്ഞാപനവും ഇറക്കി.

ഒരര്‍ഥത്തില്‍ ഇത്തരമൊരു നിയമ നിര്‍മാണത്തിന് ഈ സര്‍ക്കാര്‍ ഒരുങ്ങിയതില്‍ ഒരത്ഭുതവും തോന്നേണ്ട ഒരുകാര്യവും ഇല. ഏറെക്കാലമായി ഇന്ത്യയില്‍ ആര്‍ എസ് എസ് നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു ദീര്‍ഘകാല ഗൂഢ പരിപാടികളില്‍ ഏറ്റവും ഒടുവിലത്തേത് എന്ന രീതിയിലാണ് ഇതിനെ കാണേണ്ടത്. ഇതിലും ഭീകരമായ പലതും വരാനിരിക്കുന്നു എന്ന് കരുതിയിരിക്കുക.

1925ലാണ് ആര്‍ എസ് എസ് എന്ന സംഘടനക്ക് രൂപം കൊടുത്തത്. ആ കാലഘട്ടത്തിന്റെ സൃഷ്ടിയാണത്. മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലെത്തിയതാണ് ഈ നീക്കത്തിനു കാരണം എന്നതാണ് സത്യം. ഇന്ത്യക്കാരെ മതപരമായി വിഭജിച്ച് ഭരിക്കുക എന്നതായിരുന്നല്ലോ ബ്രിട്ടീഷ് തന്ത്രം. ബംഗാള്‍ വിഭജനവും (1905) മറ്റും അതിന്റെ ഭാഗമായിരുന്നു. അക്കാലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിനെ എങ്ങനെ നേരിടണമെന്ന വ്യക്തമായ ധാരണയും ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യ മുഴുവന്‍ ചുറ്റിക്കണ്ട ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഗാന്ധിജി എത്തിയപ്പോള്‍ ആ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്താന്‍ തുടങ്ങി. പ്രധാന മതന്യൂനപക്ഷമായ ഇസ്‌ലാം മത വിശ്വാസികളുടെ പിന്തുണയില്ലാതെ സ്വാതന്ത്ര്യം അസാധ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധിജി തന്റെ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. ഖിലാഫത്ത് പോരാട്ടത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതടക്കം പലതും ഇതിന്റെ ഭാഗമാണ്. ഇതോടെ ബ്രിട്ടീഷ് തന്ത്രം പൊളിയുമെന്ന അവസ്ഥയായി.

ബ്രിട്ടീഷ് ഭരണം ഇന്ത്യയിലെ ബ്രാഹ്മണാധിഷ്ഠിത സാമൂഹിക വ്യവസ്ഥക്ക് വെല്ലുവിളിയൊന്നും ഉയർത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ആ ഭരണം ഇവിടെ തുടരണം എന്നാഗ്രഹിച്ചിരുന്ന വിഭാഗമാണ് ഈ ഭിന്നത സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങിയത്. അവര്‍ ഉണ്ടാക്കിയതാണ് ആര്‍ എസ് എസ്. പ്രത്യക്ഷമായും പരോക്ഷമായും ആ ലക്ഷ്യത്തിനു വേണ്ടി, ബ്രിട്ടീഷ് ഭരണം നിലനിര്‍ത്തുന്നതിനായി അവര്‍ നിരന്തരം പരിശ്രമിച്ചു. വഴിതെറ്റിപ്പോയ സവര്‍ക്കറെ പോലെയുള്ളവരെ മാപ്പ് എഴുതിക്കൊടുത്ത് തിരിച്ചു കൊണ്ടുവന്നതെല്ലാം ചരിത്രം. സ്വാതന്ത്ര്യം കിട്ടുന്ന അവസ്ഥ വന്നപ്പോള്‍ അത് ശരിയായ സ്വാതന്ത്ര്യമല്ലെന്നവര്‍ വാദിച്ചു. ഇന്ത്യക്ക് ദേശീയ പതാക രൂപകല്‍പ്പന ചെയ്ത ത്രിവര്‍ണം ആവശ്യമില്ലെന്നും കാവി മാത്രം മതിയെന്നും ശഠിച്ചു. ദേശീയ ഗാനത്തിന് ജനഗണ മനയല്ല വന്ദേ മാതരം വേണമെന്ന് നിര്‍ദേശിച്ചു. ഇന്ത്യക്ക് ഒരു ഭരണഘടന ഉണ്ടാക്കാനുള്ള ശ്രമത്തെയും അവര്‍ എതിര്‍ത്തു. ജാതിഅധിഷ്ഠിത സമൂഹമായി ഇന്ത്യ തുടരണം എന്നവര്‍ ആഗ്രഹിച്ചു.

നൂറ്റാണ്ടുകളായി സമൂഹത്തില്‍ സ്ഥാനമില്ലാതിരുന്ന വിഭാഗങ്ങള്‍ക്ക് ക്ഷേമവും സമ്പത്തും അധികാരത്തില്‍ പങ്കും വേണമെന്ന ഡോ. അംബേദ്കറുടെ നിലപാടിനോട് അവര്‍ക്ക് യോജിക്കാന്‍ കഴിയുന്നില്ല. മൗലികാവകാശങ്ങളും പൗരാവകാശങ്ങളും സമസ്ത ജനതക്കും വേണമെന്ന തത്വത്തോടും അവര്‍ യോജിച്ചില്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇവിടെ ഉണ്ടാക്കിയ മനുസ്മൃതി തന്നെ ഭരണഘടനയാക്കണമെന്നതായിരുന്നു അവരുടെ നിലപാട്. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും പ്രകൃതി – ഈശ്വര കല്‍പ്പിതമാണെന്നും അവര്‍ വാദിച്ചു.

പക്ഷേ, അന്ന് അവരുടെ നിലപാടുകള്‍ക്ക് പിന്നില്‍ ജനങ്ങള്‍ ഉണ്ടായില്ല. കാരണം ഈ ഭരണഘടനയും പതാകയും ദേശീയ ഗാനവും രൂപപ്പെട്ടത് രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യന്‍ ജനത നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ജനങ്ങള്‍ സമരം ചെയ്തത് തങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നേടുന്നതിനു വേണ്ടിയാണ്, മതേതര ഇന്ത്യ ഉറപ്പാക്കുന്നതിനു വേണ്ടിയാണ്.

സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ത്യജിച്ചവരില്‍ മഹാ ഭൂരിപക്ഷവും മതന്യൂനപക്ഷമായ ഇസ്‌ലാം മത വിശ്വാസികളാണ് എന്നത് ചരിത്ര സത്യം മാത്രം. നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ട ജനതക്ക് നീതി ലഭ്യമാക്കാനാണ് അവര്‍ കളത്തിലിറങ്ങിയത്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവര്‍ക്ക് ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല.

തങ്ങള്‍ക്ക് അധികാരത്തില്‍ പങ്കു കിട്ടുമ്പോഴൊക്കെ ഭരണഘടനയുടെ അന്തസ്സത്ത തകര്‍ക്കാന്‍ ഇവര്‍ ശ്രമിച്ച അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മതേതരത്വം എന്ന സങ്കല്‍പ്പം അവര്‍ക്ക് സ്വീകാര്യമല്ല. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി ഇസ്‌ലാം, ക്രിസ്ത്യന്‍ മത വിശ്വാസികളെയും കമ്മ്യൂണിസ്റ്റുകാരെയും പുറത്താക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് ഇവരെ നയിക്കുന്നത്. പൗരാവകാശങ്ങള്‍ റദ്ദാക്കുന്ന കരിനിയമങ്ങള്‍- യു എ പി എ പോലുള്ളവ കര്‍ശനമാക്കുന്നു. എന്‍ ഐ എ പോലുള്ള സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഭരണഘടനയെ പ്രവര്‍ത്തനക്ഷമമാക്കുന്ന സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിലയില്ലാതാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സ്വതന്ത്ര നീതിന്യായ സംവിധാനം എന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയാണ്. സുപ്രീം കോടതി മുതല്‍ താഴേക്കുള്ള എല്ലാ കോടതികളും ഇന്ന് സ്വതന്ത്രമാണെന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണ്. സുപ്രീം കോടതിയുടെ പല സമീപകാല വിധികളും (പ്രകടമായി ബാബരി പള്ളിക്കേസ് പോലെ) നിയമത്തിനപ്പുറമുള്ള സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണെന്ന സംശയം ന്യായമാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ സി ബി ഐയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിനിടയില്‍ മൂന്ന് വട്ടം സി ബി ഐ ഡയറക്ടറെ മാറ്റിയത് നാം കണ്ടു.

ഇന്ത്യയിലെ നാണയ വ്യവസ്ഥ ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് റിസര്‍വ് ബേങ്ക്. നോട്ട് പിന്‍വലിക്കാന്‍ അവര്‍ക്കാണധികാരം. പക്ഷേ അതൊന്നും പരിഗണിക്കാതെ ഒരു പ്രധാനമന്ത്രി സ്വയം നോട്ടു പിന്‍വലിച്ചത് ഏതു നിയമമനുസരിച്ച് എന്നാര്‍ക്കും ചോദിക്കാന്‍ കഴിഞ്ഞില്ല. ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പ്പമാണ് ആസൂത്രണ ബോര്‍ഡ് വിഭാവനം ചെയ്യാന്‍ കാരണം. പക്ഷേ ആ സ്ഥാപനം തന്നെ ഇല്ലാതാക്കി.

ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പ് നീതിപൂര്‍വകമായി നടത്തുന്ന സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അവര്‍ നടത്തുന്ന പ്രക്രിയയില്‍ ഇന്ന് വോട്ടര്‍മാര്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയാണ്.കേരളത്തിലെ ശബരിമലയിൽസ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നടന്ന ശൂദ്രലഹളയിൽ പങ്കെടുത്തുകൊണ്ട് സംഘപരിവാർ നേതാക്കൾ ഭരണഘടന കത്തിക്കണമെന്നുവരെ പ്രസംഗിക്കുന്നതും നിയമവ്യവസ്ഥയെയും ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ട് നാടുമുഴുവൻ ഇവർ കലാപം അഴിച്ചുവിട്ടത് നാം കണ്ടു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം ഭരണഘടന വിഭാവനം ചെയ്ത രൂപത്തിലാക്കാനാണ് യു ജി സി (യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ സ്ഥാപിച്ചത്. ഇന്ന് ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര പ്രചാരണത്തിനാണ്. ഇങ്ങനെ എല്ലാ അർത്ഥത്തിലും ഭരണഘടനയെ അപ്രസക്തമാക്കുന്നു ഭരണകൂടം. ഇത്രയും ചെയ്തപ്പോഴും കാര്യമായ പ്രതിരോധമുണ്ടായില്ല എന്നതിനാല്‍ തന്നെയാണ് കൂടുതല്‍ കടുത്ത ഭരണഘടനാ ലംഘനത്തിന് അവര്‍ തയ്യാറായത്. പൗരത്വ നിയമ ഭേദഗതി അങ്ങനെയാണ് പാസ്സാക്കുന്നത്.

ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരെയാണെങ്കില്‍ നാളെ മനുസ്മൃതിയില്‍ മനുഷ്യരായി കാണാത്ത എല്ലാവര്‍ക്കും നേരെ ഇതു വരുമെന്നു തീര്‍ച്ച. അമിത്ഷായും സംഘ്പരിവാരവും വാദിക്കുന്നത് ആരെയും പുറത്താക്കാനല്ല ഈ നിയമം എന്നാണ്. അവർ പറയുന്നത് ശരിയാണ് കേവലം ആരെയെങ്കിലും പുറത്താക്കുക എന്നതിനപ്പുറം അവരെയെല്ലാം രണ്ടാം തരം പൗര സമൂഹമാക്കുകയാണ് ലക്ഷ്യം. സവര്‍ണ സമ്പന്ന ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭരണകൂടമാണിതുവഴി രൂപപ്പെടുന്നത്.

ഇതിനെതിരെ പോരാടാന്‍ നിലവിലുള്ള രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്ത അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത് നാട്ടിലെ യുവജനങ്ങളാണ്. ക്യാമ്പസുകള്‍ ഒരു കാലത്തുമില്ലാത്ത വിധം പ്രക്ഷുബ്ധമായിരിക്കുന്നു. അതുകൊണ്ടു തന്നെ ഭരണകൂടത്തിന്റെ മുഴുവന്‍ ശക്തിയും അവര്‍ക്കെതിരെ തിരിക്കുന്നു. ഇവിടെയെങ്കിലും ഒരുമിച്ചു നിന്ന് പ്രതിരോധിക്കണമെന്നവര്‍ തിരിച്ചറിയുന്നു. ഭരണഘടനയെയും ഡോ. അംബേദ്കറെയും അവര്‍ നെഞ്ചേറ്റുന്നു. ഒപ്പം മതസൗഹാര്‍ദത്തിന്റെ പ്രതീകമായ ഗാന്ധിജിയെയും. ഇനി നമുക്ക് ചെയ്യാനുള്ളത് ഇവര്‍ ഉയര്‍ത്തിയ പ്രതിരോധത്തെ പിന്തുണക്കുക എന്നതാണ്.