കോഴിക്കോട് ചേളന്നൂര്‍ എസ്‌എന്‍ കോളേജില്‍ അധ്യാപകനെതിരെ പ്രിന്‍സിപ്പാളിന്റെ സദാചാര പോലീസിങ്

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിച്ചതിന് താല്‍ക്കാലിക അധ്യാപകനെ പുറത്താക്കി പ്രിന്‍സിപ്പാളിന്റെ സദാചാര പോലീസിങ്.പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സദാചാര പോലീസിങ്ങിനെതിരെ വിദ്യാര്‍ത്ഥികളും.

കോഴിക്കോട് ചേളന്നൂര്‍ എസ്‌എന്‍ കോളേജിലാണ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികൾ സമരം നടത്തിയത് . ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിച്ചതിന് താല്‍ക്കാലിക അധ്യാപകനെ സദാചാരവാദിയായ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് സമരം ചെയ്തത്.

പ്രിന്‍സിപ്പല്‍ സദാചാര പോലീസിങ് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. അതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അഞ്ചുമണിക്കൂറിലധികം പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് അതിനുമുന്നിൽ ഒരുമിച്ചിരുന്ന് വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി.അഞ്ച് മണിക്കൂറിന് ശേഷവും സമരം തുടർന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കോളേജിന് പുറത്ത് വന്‍ പോലീസ് സന്നാഹമാണ് വിന്യസിച്ചിരുന്നത്.

എന്നാല്‍ അധ്യാപകന് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി അച്ചടക്കത്തോടെ ക്ലാസ് എടുക്കാന്‍ പ്രാപ്തി ഇല്ലെന്നും കോളേജിൻറെ അന്തസിന് നിരക്കാത്ത ചില പ്രവണതകൾ അദ്ദേഹത്തിൻറെ ക്‌ളാസുകളിൽ ഉണ്ടായതുകൊണ്ടുമാണ് നടപടിയെന്നുമാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. ക്ലാസിൽ അച്ചടക്കം ഉറപ്പാക്കാനാവുന്നില്ലെന്നതും ഇത് ചൂണ്ടിക്കാണിച്ചപ്പോൾ മോശമായി പ്രതികരിച്ചതുമാണ് ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപകൻ മുഹമ്മദ് സാഹിലിനെ പിരിച്ചുവിടാൻ കാരണമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. മാനേജുമെന്റുമായി കൂടിയാലോചിച്ച ശേഷമായിരുന്നു നടപടി.

വ്യാഴാഴ്ച് വൈകിട്ടാണ് പിരിച്ചുവിടൽ മെമ്മോ അദ്ധ്യാപകന് കൈമാറിയത്. എന്നാൽ വിദ്യാർത്ഥികൾ താല്‍ക്കാലിക അധ്യാപകനൊപ്പമാണ്. പ്രിൻസിപ്പാൾ വലിയ ആചാരസംരക്ഷകയും സദാചാരവാദിയുമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. വെള്ളിയാഴ്ച വിദ്യാർത്ഥികൾ സമരം ആരംഭിച്ചപ്പോൾ പൊലീസ് വന്ന് പ്രിൻസിപ്പലിന് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ സാഹചര്യമൊരുക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിക്കുകയാണുണ്ടായത്. അദ്ധ്യാപകൻ മികച്ച നിലയിലാണ് ക്ലാസെടുത്തിരുന്നതെന്നും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നതിന്റെ പേരിലാണ് പുറത്താക്കിയതെന്നുമാണ് വിദ്യാർത്ഥികളുടെ ആക്ഷേപം. എന്നാൽ, ഈ ആരോപണം പ്രിൻസിപ്പലും മറ്റു അദ്ധ്യാപകരും തള്ളിക്കളയുന്നു.

പല തവണ ആവശ്യപ്പെട്ടിട്ടും ക്ലാസിൽ അച്ചടക്കം ഉറപ്പാക്കാൻ അദ്ധ്യാപകന് കഴിഞ്ഞില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു. 25 വിദ്യാർത്ഥികൾ മാത്രമുള്ള പി.ജി ക്ലാസിൽ പോലും അച്ചടക്കം പാലിക്കപ്പെടുന്നില്ലെന്ന അവസ്ഥ വന്നു. അത്തരം വിദ്യാർത്ഥികളുടെ പേര് നൽകാൻ ആവശ്യപ്പെട്ടപ്പോൾ അദ്ധ്യാപകൻ അതിനു തയ്യാറായതുമില്ല. ഇന്നും നാളെയും കോളേജിൽ ക്ലാസുണ്ടാവില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പുറത്താക്കപ്പെട്ട താത്കാലിക അദ്ധ്യാപകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പൽ വി. ദേവിപ്രിയയെ പകൽ മുഴുവൻ മുറിയിൽ പൂട്ടിയിട്ടു. വൈകിട്ട് അഞ്ചരയോടെ പൊലീസ് എത്തിയാണ് പ്രിൻസിപ്പലിനെ പുറത്തിറക്കി താമസസ്ഥലത്തെത്തിച്ചത്.