കോൺഗ്രസ് ഭരിക്കുന്ന വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മൽസ്യ മാംസാദികൾ നിരോധിച്ചു

കോൺഗ്രസ് വക ബീഫ് നിരോധനം കേരളത്തിലും. പത്തനംതിട്ടജില്ലയിലെ വടശേരിക്കര ഗ്രാമപഞ്ചായത്തിലാണ് രണ്ടു ദിവസത്തേയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.  ബീഫ് മാത്രമല്ല ആട്, പന്നി,തുടങ്ങി സകല ഇറച്ചിക്കടകൾക്കും കോഴിക്കട, മുട്ടക്കച്ചവടം, മൽസ്യാവതാര കച്ചവടം എന്നിവയ്ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയുമാണ് നിരോധനം. ഇന്നലെ അർദ്ധരാത്രി മുതൽ നിരോധനം പ്രാബല്യത്തിൽ വന്നു. എന്നാൽ ഇവ വേവിച്ച് വിൽപ്പന നടത്തുന്ന നോൺ വെജിറ്റേറിയൻ ഹോട്ടലുകൾക്ക് നിരോധനമില്ല.കോൺഗ്രസിൻറെ മണിയാർ രാധാകൃഷ്ണനാണ് ബിജെപിക്കും കടകംപ്പള്ളിക്കും പഠിക്കുന്ന ഈ ആചാരസംരക്ഷകൻ. പന്തളത്ത് നിന്ന് മകരജ്യോതി തട്ടിപ്പിന് മുൻപുള്ള അയ്യപ്പൻറെ മേക്ക് അപ്പ് സാധനങ്ങൾ കൊണ്ടുപോകുന്ന വഴികളിലാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതൊരു തുടക്കം മാത്രം, പന്തളത്തുനിന്ന് അയ്യപ്പന് മേക്ക് അപ്പ് സാധനങ്ങളും ചുമന്ന് പോകുന്ന വഴിയിലെ വീടുകളിലെ 10 നും50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ രണ്ട് ദിവസം റോഡിൽ ഇറങ്ങാതെ വീട്ടിൽത്തന്നെ വാതിലടച്ചിരിക്കണമെന്ന നിർദ്ദേശവും ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ റോഡിനിരുവശവും മറ്റു മതസ്ഥരുടെയും വീടുകൾ ഉള്ളതിനാൽ എല്ലാമത പണ്ഡിതരുമായി ആലോചിച്ച് ഒരു സമവായത്തിലെത്തിയ ശേഷം അടുത്തവർഷം മുതൽ അക്കാര്യവും കൂടി ഉൾപ്പെടുത്തുമെന്നാണ് പത്തനംതിട്ടയിൽ നിന്നുള്ള റിപ്പോർട്ട്.

മികച്ച ആചാരസംരക്ഷകനുള്ള കേരളത്തിലെ പരമോന്നത ബഹുമതിയായ ഇത്തവണത്തെ ‘തെക്കേടത്തമ്മ പുരസ്‌കാരം’ റാന്നി ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ വടശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണിയാർ രാധാകൃഷ്ണന് നൽകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതായിട്ടാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് ഐക്യകണ്ഡേനയാണ് മൽസ്യ മാംസ കച്ചവട നിരോധന തീരുമാനം കൈക്കൊണ്ടതെന്നാണ് അറിയാൻ കഴിഞ്ഞത്. സ്ത്രീകൾ റോഡിലിറങ്ങുന്നത് ഇത്തവണ തന്നെ നിരോധിക്കാത്തത് കോൺഗ്രസിൻറെ പിടിപ്പുകേടും വിശ്വാസികളോടുള്ള വഞ്ചനയുമാണെന്നാണ് പ്രതിപക്ഷ ആരോപണം.

പഞ്ചായത്ത് സെക്രട്ടറി ഇതുസംബന്ധിച്ച് തീട്ടൂരം ഇറക്കിയിട്ടുണ്ട്. എ.സി. മൊയ്ദീൻറെ വകുപ്പാണ് തദ്ദേശസ്വയം ഭരണ വകുപ്പെങ്കിലും വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിന് കാശ്മീരിന് ഉണ്ടായിരുന്നതുപോലെ പ്രത്യേക പദവി നൽകി കടകംപള്ളി സുരേന്ദ്രൻജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിൽ ആക്കണെമന്നും ആവശ്യമുയരുന്നുണ്ട്. നവോത്ഥാന കേരളം സുരേന്ദ്ര കേരളമാക്കൻ സർക്കാർ ഒപ്പമുണ്ട്. നാം മുന്നോട്ടിനെ കടത്തിവെട്ടാൻ മണിയാർ രാധാകൃഷ്ണൻജി അതിവേഗം ബഹുദൂരം മുന്നോട്ട് കുതിക്കുകയാണ്.