കുറ്റ്യാടിയില്‍ പ്രകടനത്തിനിടെ വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കുറ്റ്യാടിയില്‍ പ്രകടനത്തിനിടെ പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടിയായ ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പ് വ്യാപാരികള്‍ കടകള്‍ അടച്ചതിന് പിന്നാലെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി കൊടിയുമേന്തി പ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ബിജെപി അറിയിച്ചിരുന്നു. എന്നാല്‍ പിന്നാലെ നടപടി വേണ്ടെന്നും വികാരത്തള്ളിച്ച മൂലമുള്ള പ്രകടനമാണ് പ്രവര്‍ത്തകര്‍ നടത്തിയതെന്നും ബിജെപി നേതാവ് എംടി രമേശ് പറഞ്ഞിരുന്നു.