നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കി തിരുത്തല്‍ ഹര്‍ജി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി കൂടി തള്ളിയാല്‍ ശിഷ നടപ്പാക്കും. മുകേഷ് സിംഗിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍. വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് തള്ളിയിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

കേസിലെ നാല് പ്രതികള്‍ക്കെതിരെയും പാട്യാല കോടതി ജനുവരി ഏഴിന് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് ശിക്ഷ നടപ്പാക്കാനാണ് പാട്യാല കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയാണ് മുകേഷ് ശര്‍മ്മയും പവന്‍ ഗുപ്തയും തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. മറ്റ് രണ്ട് പ്രതികളായ പവന്‍ ഗുപ്തയ്ക്കും അക്ഷയ് സിംഗിനും തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ ഇനിയും സമയം അവശേഷിക്കുന്നു.

രാഷ്ട്രപതി ഭവന്റെ തീരുമാനം വന്ന് കഴിഞ്ഞാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള നടപടികള്‍ വേഗത്തിലാക്കും. ഇനി കേവലം ഒരാഴ്ച മാത്രമാണ് പ്രതികള്‍ക്ക് മുന്നില്‍ ശേഷിക്കുന്നത്. നിയമപരമായ എല്ലാ മാര്‍ഗവും അവസാനിച്ചുകഴിഞ്ഞാല്‍ മറ്റ് തടസ്സങ്ങളില്ലെങ്കില്‍ അടുത്ത ബുധനാഴ്ച തന്നെ ശിക്ഷ നടപ്പാക്കും. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി തീഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. ജനുവരി 12നാണ് ഡമ്മി പരീക്ഷണം നടത്തിയത്. പ്രതികളുടെ തുല്യഭാരമുള്ള ഡമ്മികള്‍ തൂക്കിലേറ്റിയായിരുന്നു പരീക്ഷണം.

2012 ഡിസംബര്‍ 16നാണ് പ്രതികള്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പീഡന ശേഷം നഗ്നയാക്കിയ യുവതിയെയും കുടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികള്‍ വഴിയില്‍ തള്ളുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.