പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാധിപത്യത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന് മാര്‍ ജോസഫ് പവ്വത്തില്‍

കത്തോലിക്ക സഭയുടെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.സൂസാപാക്യത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമം മതവിവേചനം കാട്ടുന്നതാണെന്ന നിലപടിൽ ഉറച്ച് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലും രംഗത്ത്. ഇതാദ്യമായാണ് സീറോ മലബാര്‍ സഭയിലെ ഒരു മുതിര്‍ന്ന മെത്രാന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യമായി രംഗത്ത് വരുന്നത്. മതത്തെ അടിസ്ഥാനമാക്കി ഗ്രേഡ് നിര്‍ണയിക്കുന്നതിലേക്ക് പോകുന്ന നിയമ നിര്‍മ്മാണമാണ് നടന്നിരിക്കുന്നതെന്ന് മാര്‍ ജോസഫ് പവ്വത്തിൽ പറഞ്ഞു.

അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി, കേരള കത്തോലിക്കാ മെത്രാൻ സമിതി തുടങ്ങിയ മെത്രാന്മാരുടെ സംഘടനകൾ ബിജെപി അനുകൂല നിലപാടുകളുമായി പൗരത്വ നിയമ ന്യായീകരണ പരിപാടികളുടെ ഉദ്‌ഘാടനവും ലേഖനമെഴുത്തും ഒക്കെയായി നടക്കുമ്പോഴാണ് മാര്‍ ജോസഫ് പവ്വത്തിൽ വിരുദ്ധാഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്.

‘നമ്മുടെ ഭരണഘടന ഉറപ്പുതരുന്ന മതനിരപേക്ഷത ഇവിടെ ബലികഴിക്കപ്പെട്ടിരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാട്ടിയിരിക്കുന്നു. അതു നമ്മുടെ രാഷ്ട്രത്തിന്റെ മഹത്തായ മതേതര സ്വഭാവഘടനയെത്തന്നെ തകര്‍ക്കുന്നു. നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യത്തില്‍നിന്നു മതാധിപത്യരാജ്യത്തിലേക്ക് പോകുന്നുവെന്നതിന്റെ സൂചനയായിട്ടാണ് ഈ നിയമത്തെ ജനാധിപത്യവിശ്വാസികള്‍ കാണുന്നതും അതിനോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നതും. തികച്ചും അപകടകരമാണ് ഈ നീക്കമെന്ന് പവ്വത്തില്‍ തുറന്നടിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ കത്തോലിക്ക സഭയുടെ മെത്രാന്‍ സമിതിയായ സിബിസിഐ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മൗനം പാലിക്കുമ്പോഴാണ് സഭയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പ് പരസ്യപ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇതു കേവലം കുടിയേറ്റക്കാരായ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു പ്രശ്‌നമാകുന്ന നിയമ ഭേദഗതിയാണെന്നും ക്രൈസ്തവര്‍ ഭയപ്പെടേണ്ടെന്നും പ്രചാരണമുണ്ട്. മതന്യൂനപക്ഷങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്. മുസ്ലിം രാജ്യങ്ങളിലെ ഇതര മതസ്ഥരെ പീഡിപ്പിക്കുന്നതു ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും ശക്തം. മതമൗലികവാദവും ഇതര മതപീഡനങ്ങളും ഏതു രാജ്യത്തായാലും സമൂഹത്തിലായാലും അംഗീകരിക്കാനാവില്ല. എവിടെയാണെങ്കിലും അത് എതിര്‍ക്കപ്പെടുകതന്നെ വേണം. ഇവിടെ വര്‍ഗീയവാദികള്‍ പ്രതിഷേധങ്ങള്‍തന്നെ അടിച്ചമര്‍ത്താന്‍ ചതുരുപായങ്ങളും പ്രയോഗിക്കുന്നു. ഭീഷണിപ്പെടുത്തലും ശക്തമാണ്. ഏതുവിധേനയും ഈ ഭേദഗതി നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഭാവമെന്നാണ് പൊതുവായ ധാരണ.ഇന്ത്യയില്‍ മതാധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ജനാധിപത്യം മതാധിപത്യത്തിന് വഴിമാറുന്നതായി തോന്നുന്നു. മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് ആക്രോശങ്ങളും ക്രൈസ്തവര്‍ യൂറോപ്പിലേക്ക് പോകണമെന്ന നിര്‍ദേശവും, വസ്ത്രം നോക്കിയുള്ള വിവേചനവും പ്രചരണവും എല്ലാം മതാധിപത്യത്തിന്റെ സൂചനകളാണ്. ഈ പ്രവണതകള്‍ ആശങ്കപ്പെടുത്തുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിൽ പറയുന്നു.

ക്രിസ്ത്യാനികള്‍ക്കെതിരെ രാജ്യത്ത് വ്യാപകമായ തോതില്‍ പീഡനങ്ങള്‍ നടക്കുകയാണ്. മിഷണറിമാരെ കള്ളകേസില്‍ കുടുക്കി ക്രൂരമായി പീഡിപ്പിക്കുന്നു. മതരാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ അധികാരത്തിലേറിയ ശേഷം ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ 40 ശതമാനം വര്‍ദ്ധിച്ചുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 2019-ല്‍ മാത്രം 300-ലധികം അക്രമണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഉണ്ടായിട്ടും കേവലം 40 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. നമ്മുടെ അയല്‍ രാജ്യങ്ങള്‍ മാര്‍പാപ്പയ്ക്ക് ആതിഥ്യം അരുളിയിട്ടും ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സംവിധാനം അദ്ദേഹത്തെ ക്ഷണിക്കാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണെന്നും മാര്‍ ജോസഫ് പവ്വത്തിൽ പറഞ്ഞു.

മതരാഷ്ട്രം കെട്ടിപടുക്കാനുള്ള അജണ്ടകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയണം. മതാധിപത്യത്തിലേക്ക് പോകുന്ന ഇന്ത്യന്‍ ഭരണ സംവിധാനത്തെ ജനാധിപത്യ വിശ്വാസികള്‍ ആശങ്കയോടെ കാണുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ദീപിക ദിനപത്രത്തില്‍ എഴുതിയ ‘പൗരത്വ നിയമ ഭേദഗതിയും അപകട സൂചനകളും’ എന്ന ലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിൽ CAA വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ലേഖനത്തിന്റെ ലിങ്ക് ചുവടെ

Deepika Article READ HERE: ‘പൗരത്വ നിയമ ഭേദഗതിയും അപകട സൂചനകളും’