പ്രൊഫ. ജോസഫിന്റെ ആത്മകഥ: ‘അറ്റുപോകാത്ത ഓർമ്മകൾ’ ജനുവരി 19 ന് പ്രസിദ്ധീകരിക്കും

ഒരു പതിറ്റാണ്ട്‌ മുമ്പ്‌ കേരളത്തെ ഞെട്ടിച്ച കൈവെട്ട്‌ സംഭവത്തിലെ ഇരയായ അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫ്‌ തൻറെ മുറിവുണങ്ങാത്ത ഓര്‍മകള്‍ കടലാസിലേക്കു പകര്‍ത്തിയ ആത്മകഥ ‘അറ്റുപോകാത്ത ഓർമ്മകൾ’ ജനുവരി 19 ന് പ്രകാശനം ചെയ്യും.

2010 ജൂലൈ നാലിനാണ്‌ മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ ആക്രമണത്തില്‍ അധ്യാപകന്റെ വലതുകൈ അറ്റത്‌. കേരളത്തില്‍ ഒരുവ്യക്‌തിക്കുനേരേ നടന്ന സമാനതകളില്ലാത്ത തീവ്രവാദ ആക്രമണമെന്നായിരുന്നു ആ സംഭവം വിലയിരുത്തപ്പെട്ടത്‌. ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട, ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന പുസ്‌തകം ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തിലാണ്‌ പുറത്തിറങ്ങുന്നത്‌. നാല്‍പതോളം അധ്യായങ്ങളിലായി രണ്ടു ഭാഗങ്ങളായാണ്‌ ആത്മകഥ ഇറക്കുന്നത്. ഡി.സി.ബുക്‌സാണ്‌ പ്രസാധകര്‍.

തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകനായിരുന്ന പ്രഫ. ജോസഫ്‌, പ്രവാചകന്‍ മുഹമ്മദ്‌ നബിയെ നിന്ദിക്കും വിധം ചോദ്യക്കടലാസ്‌ തയാറാക്കി എന്നാരോപിച്ചായിരുന്നു ആക്രമണം. കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണല്‍ സെമസ്‌റ്റര്‍ പരീക്ഷയ്‌ക്ക്‌ തയാറാക്കിയ ചോദ്യാവലിയില്‍, ദൈവവുമായി മുഹമ്മദ്‌ എന്ന കഥാപാത്രം നടത്തുന്ന സംഭാഷണത്തിലെ പ്രയോഗങ്ങളാണു വിവാദമായത്‌.

അത്‌ പ്രവാചകന്‍ മുഹമ്മദ്‌ നബിയെ ഉദ്ദേശിച്ചാണെന്നാരോപിച്ച്‌ കാമ്പസ്‌ ഫ്രണ്ട്‌ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ സമരത്തെത്തുടര്‍ന്നായിരുന്നു ആക്രമണം. ആത്മകഥയുടെ ആദ്യഭാഗത്താണ്‌ കൈവെട്ടുസംഭവത്തിന്റെ പിന്നാമ്പുറങ്ങള്‍ വെളിപ്പെടുത്തുക. ഏതുസാഹചര്യത്തിലാണ്‌ വിവാദചോദ്യാവലി തയാറാക്കിയതെന്നു വിവരിച്ചുകൊണ്ടാണ്‌ ആത്മകഥ തുടങ്ങുന്നത്‌.

അതിനു പിന്നിലെ കാരണങ്ങള്‍, തുടര്‍ന്നുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചന, പ്രതികള്‍ കൈയോടെ പിടിക്കപ്പെട്ട സാഹചര്യം, ഒരാഴ്‌ചത്തെ ഒളിവുജീവിതം, അറസ്‌റ്റ്‌, ജയില്‍വാസം എന്നിവയും ആത്മകഥയില്‍ വിവരിക്കുന്നു. ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ട നാലുവര്‍ഷം അനുഭവിച്ച മാനസിക പീഡനങ്ങളാണ്‌ കൈപ്പത്തി വെട്ടിമാറ്റിയതിനേക്കാള്‍ തന്നെ വേദനിപ്പിച്ചതെന്നു ജോസഫ്‌ മാഷ് പറയുന്നു. ഇതിനിടയില്‍ അകാലത്തില്‍ സഹധര്‍മ്മിണിയും നഷ്‌ടമായി. കഴിഞ്ഞ ഒന്നരവര്‍ഷമായി ആ വേദനകള്‍ പകര്‍ത്തുകയായിരുന്നു അദേഹം.