യേശുവിൻറെ മണവാട്ടിമാർക്ക് വിധവ- അഗതി പെൻഷനോ വാര്‍ദ്ധക്യകാല പെന്‍ഷന്‍നോ നല്‍കാന്‍ സര്‍ക്കാര്‍ ആലോചന

കേരള സർക്കാർ കർത്താവിന്റെ മണവാട്ടിമാർക്കും പെൻഷൻ അനുവദിക്കാൻ ആലോചിക്കുന്നു. അറുപത് വയസ്സ് കഴിഞ്ഞ കന്യാസ്ത്രീമാർക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കാന്‍ ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രായമായവര്‍ക്ക് നല്‍കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ പരിധിയില്‍ കന്യാസ്ത്രീകളെ കൂടി ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് സാമൂഹ്യക്ഷേമ വകുപ്പ് ഉടന്‍ തീരുമാനം എടുത്തേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ മൗണ്ട് കാര്‍മല്‍ ക്ലോയിസ്‌റ്റേര്‍ഡ് കോണ്‍വെന്റിലെ ഒരു പറ്റം അന്തേവാസികളാണ് വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കണ മെന്നാവശ്യപ്പെട്ട് മന്ത്രി കെ.കെ ഷൈലജയ്ക്ക് നിവേദനം നല്‍കിയത്. 60 വയസ് കഴിഞ്ഞ തങ്ങള്‍ക്ക് വരുമാനമോ, മരുന്നു വാങ്ങാനോ പണമില്ലാതെ വിഷമിക്കുകയാണ് പലവിധ രോഗ പീഡകളാല്‍ ബുദ്ധിമുട്ടുന്ന തങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവർ നിവേദനത്തിൽ ആവശ്യപ്പെട്ടത്. ഇക്കാര്യത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇവർക്ക് വിധവ – അഗതി പെൻഷനാണോ വാർദ്ധക്യകാല പെൻഷനാണോ നൽകേണ്ടതെന്ന കൺഫ്യൂഷനിലാണ് മന്ത്രിയുടെ ഉപദേശിമാർ എന്നാണ് സെക്രട്ടറിയേറ്റിലെ സംസാരം.പ്രായപൂർത്തിയാകാത്ത കാലത്ത് യേശുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച് കൊടുക്കാമെന്നുപറഞ്ഞു പറ്റിച്ച് സഭക്കാരും ഉത്തരവാദിത്വബോധമില്ലാത്ത രക്ഷിതാക്കളും കൂടി ജീവിതം നശിപ്പിച്ച ശേഷം പ്രാഥമീകകാര്യങ്ങൾക്കുപോലും വരുമാനമില്ലാത്ത ഈ അഗതികൾക്ക് വിധവാ- അഗതി പെൻഷൻ തന്നെയാണ് നൽകേണ്ടതെന്ന് ഒരുവിഭാഗം സർക്കാർ ഉപദേശിമാർ വാദിക്കുന്നുണ്ടെങ്കിലും അത് വൻസാമ്പത്തീക ബാധ്യതയ്ക്ക് കാരണമാകുമെന്നതിനാൽ 60 വയസ് കഴിഞ്ഞവർക്കുള്ള വാർദ്ധക്യകാല പെൻഷൻ അനുവദിച്ചാൽ മതിയെന്നാണ് പൊതുവെ സ്വീകാര്യമായ നിർദ്ദേശം എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതേ ആവശ്യമുന്നയിച്ച് ചില കന്യാസ്ത്രീകൾ മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഗ്രാമ പഞ്ചായത്ത് ഇവരുടെ ആവശ്യം നിരസിക്കുകയായിരുന്നു. മതസാമുദായിക സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഓള്‍ഡേജ് ഹോമുകളില്‍ താമസിക്കുന്നവര്‍ക്കും പെന്‍ഷന്‍ അനുവദിക്കാറില്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്.

രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ കീഴിലുള്ള മുട്ടട സെന്റ് ആന്റ്‌സ് കോണ്‍വെന്റിലെ ഒരു പറ്റം കന്യാസ്ത്രീകൾ തങ്ങള്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ അനുവദിക്കണ മെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സമാന കാരണങ്ങള്‍ പറഞ്ഞ് അവരുടെ അപേക്ഷ അനുവദിച്ചില്ല.

ജീവിതകാലം മുഴുവന്‍ സഭയ്ക്ക് വേണ്ടിയും അവരുടെ സ്ഥാപനങ്ങളിലും പണിയെടുത്ത കന്യാസ്ത്രീമാരെ ജീവിത സായാഹ്നത്തില്‍ തെരുവിലേക്ക് വലിച്ചെറിയുന്ന സഭയുടെ നിലപാടിനെതിരെ പൊതുജന രോഷം ഉയരേണ്ടി യിരിക്കുന്നു.ഫ്രാങ്കോ കേസിൽ സാക്ഷിപറഞ്ഞ മൂവാറ്റുപുഴയിലെ പ്രായമായ ഒരു കന്യാസ്ത്രീയ്ക്ക് ഭക്ഷണവും മരുന്നും നിഷേധിച്ചതും ഷുഗർ പേഷ്യന്റായ അവർക്ക് പഴങ്കഞ്ഞി മാത്രം നൽകി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവം അടുത്തിടെ വാർത്തയായിരുന്നു എല്ലാ സഭകളുടെയും പ്രായമായ കന്യാസ്ത്രീമാരുടെ അവസ്ഥ വളരെ ദയനീയമാണ്.

“ഇവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനുള്ള ബാധ്യത സര്‍ക്കാരിന്റേതല്ല. ഈ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ല, ജീവിതകാലം മുഴുവന്‍ സഭയ്ക്ക് വേണ്ടി പണിയെടുത്ത സന്യാസിനിമാരെ ജീവിതാന്ത്യത്തിലും പോറ്റാനുള്ള ബാധ്യത സഭയുടേതാണ്. സഭ അവരെ സംരക്ഷിച്ചേ മതിയാവൂ. സംസ്ഥാന സർക്കാരിനേക്കാൾ സ്വത്തും ആസ്തിയുമുള്ള കത്തോലിക്കാ സഭ അവരുടെ കന്യാസ്ത്രീ മാരെ വാർദ്ധക്യകാലത്ത് പോറ്റാനുള്ള ചുമതല സർക്കാരിന്റെ മണ്ടേൽ കെട്ടിവെക്കാനുള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല. – അങ്ങനെ വന്നാൽ ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാവും. അത്തരത്തിലുള്ള പ്രീണനങ്ങൾ അനുവദിക്കാൻ പാടില്ല. ഖജനാവിൽ പണമില്ലാതെ തെക്കു വടക്കു നടക്കുന്ന ഇക്കാലത്ത് ഇങ്ങനെ ഏടാകൂടം കൂടി ജനങ്ങളുടെ തലേൽ കെട്ടിവെക്കരുതെന്ന് തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ റോയി മാത്യു ഇതിനോട് പ്രതികരിച്ചു.

എന്നാൽ കന്യാസ്ത്രീകൾ വാർദ്ധക്യത്തിൽ നേരിടുന്ന ഈ ദുരവസ്ഥ സഭയിലെ പ്രായമായ വൈദികർ അനുഭവിക്കുന്നില്ല. ദൈവത്തിന്റെ പണിക്കിറങ്ങിയ പാതിരിക്ക് ഒരു നീതിയും സന്യാസിനിക്ക് വേറൊരു നീതിയും…! സിസ്റ്റർ ലൂസികളപ്പുരയ്ക്കലിന്റെ പോരാട്ടം ഇത്തരം അനീതിക്കെതിരായിരുന്നുവെന്ന് ഇനിയെങ്കിലും തിരിച്ചറിയാനുള്ള വിവേകം സ്ത്രീസംഘടനകൾ കാണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.