ജനുവരി 15: പോരാട്ടത്തിന്റെ പെൺകരുത്ത്, റോസ ലക്സംബർഗ്

സുരേഷ്. സി. ആർ

മാര്‍ക്സിസ്റ്റ് സൈദ്ധാന്തികയും സാമ്പത്തികശാസ്ത്രജ്ഞയും യുദ്ധവിരുദ്ധപ്രവർത്തകയും, സ്ത്രീ വിമോചനത്തെ തൊഴിലാളിവർഗ്ഗ വിമോചനവുമായി കണ്ണി ചേർത്ത സമരനായികയാണ് റോസ ലക്സംബർഗ് (1871-1919).

ഒരു സ്ത്രീ എന്ന നിലയിൽ ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ജീവിച്ച റോസ അധികാരത്തിന്റെ സൂക്ഷ്മ രൂപങ്ങളെയും സർവ്വാധിപത്യങ്ങളെയും പ്രകോപിപ്പിക്കുന്ന അമർഷത്തിന്റെ നാളവും നൈതിക ജാഗ്രതയുടെ വെളിച്ചവുമാണ്.

റഷ്യയുടെ അധീനത്തിലായിരുന്ന പോളണ്ടിന്റെ ഭാഗമായ ലബ്‌ലിനിൽ ഒരു മരക്കച്ചവടക്കാരന്റെ അഞ്ചാമത്തെ കുട്ടിയായാണ് ജനിച്ചത്. ഫാസിസത്തിനും വംശീയതക്കുമെതിരെ പൊരുതുന്നവർക്ക് എന്നുമൊരു പാഠപുസ്തകമായിരുന്ന അവർ ഫ്രെഡറിക് ഏംഗൽസ്, ലെനിൻ, ക്ലാരാ സെത്കിൻ എന്നീ വിപ്ലവകാരികളുടെ സമകാലികയും സമശീർഷയുമായിരുന്നു.

1886ൽ പോളിഷ് പ്രോലിറ്റേറിയറ്റ് പാർട്ടിയിൽ ചേർന്നു. അറസ്റ്റ് ഒഴിവാക്കാനായി 1889ൽ സ്വിറ്റ്സർലന്റിലെ സൂറിച്ചിലേക്കു രക്ഷപ്പെട്ടു. 1898ൽ സൂറിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ് എടുത്തു. ഇവിടെ വച്ചാണ്‌ ലിയോ ജോഗിച്സിനെ കാണുന്നതും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിക്കുന്നതും.

1914-ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പങ്കുകൊള്ളുന്നതിനെ അനുകൂലിച്ചപ്പോൾ കാൾ ലിബ്നെക്റ്റുമൊത്ത് ‘സ്പാർട്ടകുസ്ബുണ്ട്’ (സ്പാർട്ടസിസ്റ്റ് ലീഗ്) എന്ന വിപ്ലവപാർട്ടി രൂപവത്കരിച്ചു. ബർലിനിലേക്കു താമസം മാറ്റാനുള്ള ഉപാധിയായി 1898ൽ അവർ കാൾ ലൂബെക്കിനെ വിവാഹം ചെയ്തു. ജർമ്മൻ മിലിട്ടറിസത്തിനും സാമ്രാജ്യത്വവാദത്തിനുമെതിരെയുള്ള സമരങ്ങൾക്കിടയിൽ 1916ൽ അവരെ അറസ്റ്റു ചെയ്ത് രണ്ടര കൊല്ലത്തെ തടവിനു ശിക്ഷിച്ചു.

1918ൽ മോചിതയായപ്പോൾ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചു; അതിന്റെ മുഖപത്രമായിരുന്നു റെഡ് ഫ്ളാഗ്. 1919 ജനുവരിയിൽ അപ്പോഴേക്കും ശക്തിയാർജ്ജിച്ചുവന്ന വലതുപക്ഷ സമാന്തരസേനകളിലൊന്നായ ഫ്രൈകോർപ്സ് അവരെ അറസ്റ്റു ചെയ്ത് ഒരു ഹോട്ടലിലേക്കു കൊണ്ടുപോയി ബോധം കെടും വരെ മർദ്ദിച്ചു. പിന്നീട് ലാൻഡ്‌വേർ കനാലിൽ കൊണ്ടുപോയി തള്ളുകയും ചെയ്തു. നാസി ജർമ്മനിയുടെ ഒന്നാമത്തെ വിജയമായിരുന്നു റോസ ലക്സംബർഗിന്റെ കൊലപാതകം.