സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചു

സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആറ് മാസത്തിന് ശേഷം ജമ്മു മേഖലയിലെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുന:സ്ഥാപിച്ചു. ഇവിടെ ചിലയിടങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അനുവദിച്ച ഭരണകൂടം ഹോട്ടലുകള്‍, യാത്രാ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ബ്രോഡ്ബാന്‍ഡ് പുന:സ്ഥാപിച്ചിരിക്കുന്നത്.

കശ്മീര്‍ ഡിവിഷനില്‍ 400 ഇന്റര്‍നെറ്റ് കിയോസ്‌കുകള്‍ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. അവശ്യ സേവനങ്ങള്‍, ആശുപത്രികള്‍, ബേങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നി സ്ഥാപനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ബ്രോഡ്ബാന്‍ഡ് (മാക് ബൈന്‍ഡിങ്) സൗകര്യമൊരുക്കും.പ്രത്യേക ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വിലാസത്തില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കുന്ന സംവിധാനമാണ് മാക് ബൈന്‍ഡിങ്.

ടൂറിസം സുഗമമാക്കുന്നതിനായി ഹോട്ടലുകള്‍ക്കും യാത്രാ സ്ഥാപനങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കും. ജമ്മു മേഖലയിലെ ജമ്മു, സാംബ, കതുവ, ഉദാംപൂര്‍, റിയാസി എന്നീ ജില്ലകളില്‍ ഇ ബേങ്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പോസ്റ്റ് പെയ്ഡ് മൊബൈലുകളില്‍ 2 ജി മൊബൈല്‍ സേവനം അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു.