ഗാന്ധിജിക്കും ക്രിസ്ത്യാനികൾക്കും എട്ടിൻറെ പണി; ദേശസ്നേഹികളുടെ റിപ്പബ്ലിക്ക് പരേഡ് പരിഷ്‌കാരം വിവാദത്തിൽ

മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ക്രിസ്ത്യന്‍ ഗാനം ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് പരേഡില്‍ നിന്നും ഒഴിവാക്കി. അബൈഡ്‌ വിത്ത് മീ (Abide with Me) (കൂടെ പാര്‍ക്കാം നേരം വൈകുന്നിതാ) എന്ന ഗാനമാണ് പ്രതിരോധ മന്ത്രാലയം പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. ഗാന്ധിജിക്ക് ഏറെ പ്രിയമായിരുന്ന ക്രൈസ്തവ ഗാനം ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷിക വേളയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായിരിക്കുകയാണ്. എന്നാല്‍, ഇതില്‍ പുതുമ ഇല്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. പകരം പുതുമയുള്ള വന്ദേമാതരം ആലപിക്കും.

1950 മുതല്‍ സൈനീക പാരമ്പര്യത്തിന്റെ ഭാഗമായി ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങില്‍ ഈ ബൈബിള്‍ ഗാനം ആലപിച്ചു വന്നിരുന്നു. ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങില്‍ 30-35 ഗാനങ്ങളാണ് ആലപിക്കുന്നത്. എല്ലാ വര്‍ഷവും സംഗീതത്തിന്റെ പുന:ക്രമീകരണം നടത്തും. പുതിയ രാഗങ്ങള്‍ അവതരിപ്പിക്കാനും കൂടുതല്‍ ഇന്ത്യന്‍ സംഗീതങ്ങള്‍ ചേര്‍ക്കാനുമാണ് ഈ നടപടിയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

“എബൈഡ് വിത്ത് മി’ എന്ന പ്രസിദ്ധമായ ക്രൈസ്തവ ഗാനമാണ് ഇത്തവണ ബീറ്റിംഗ് റിട്രീറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. (‘കൂടെ പാര്‍ക്ക, നേരം വൈകുന്നിതാ’ എന്നാണ് മലയാള ഗാനം). 19-ാം നൂറ്റാണ്ടില്‍ സ്‌കോട്ടിഷ് കവിയായ ഹെന്‍ട്രി ലൈറ്റ് എഴുതിയ ഈ കവിത ചിട്ടപ്പെടുത്തിയത് വില്യം ഹെന്‍ട്രി മോങ്കായിരുന്നു. 1950 മുതലുള്ള എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും മിലിട്ടറി ബാന്‍ഡ് ഈ ഗാനം ആലപിക്കുക പതിവുണ്ടായിരുന്നു.

മൈസൂര്‍ രാജാവിനെ ഗാന്ധിജി സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിനു വേണ്ടി മൈസൂര്‍ പാലസ് ബാന്‍ഡ് പാടിയ പാട്ടായിരുന്നു ഇത്. ഗാന്ധിജിക്ക് ഈ പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു. പിന്നെ പലപ്പോഴും പലരെ കൊണ്ടും അദ്ദേഹം ഈ ഗാനം പാടിക്കാറുണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയോടുള്ള ആദര സൂചകമായി 1950 ൽ മൈസൂര്‍ പാലസ് ബാന്‍ഡിനെ കൊണ്ട് റിപ്പബ്ലിക് ദിന പരേഡില്‍ ഈ ഗാനം പാടിച്ചിരുന്നു. ഓസ്‌ട്രേലിയ, ന്യൂസ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ദേശീയ ദിനത്തിനോടൊപ്പം പാടുന്ന പാട്ടാണിത്. 

കഴിഞ്ഞ 2017-ലും 2018-ലും ബീറ്റിംഗ് റിട്രീറ്റിനോടൊപ്പം ഈ ഗാനവും പാടിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ‘ എബൈഡ് വിത്ത് മീ’ നു പകരം വന്ദേമാതരം പാടാനാണ് തീരുമാനിച്ചിരിക്കുന്നത്.