പണ്ട് നാട്ടുരാജാക്കാന്‍മാര്‍ക്ക് മുകളില്‍ നിയമിച്ചിരുന്ന റസിഡന്റ് ജനാധിപത്യത്തിൽ ഇല്ലെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്നെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമമടക്കമുള്ള വിഷങ്ങളില്‍ നിരന്തരം സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതികരിക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിച്ചും ഭരണഘടനാ അധികാരങ്ങള്‍ ഓര്‍മപ്പെടുത്തിയും, ജനപ്രതിനിധികളെ കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്തതാണെന്നും ആരും കെട്ടിയിറക്കിയതല്ലെന്നും ഓർമ്മപ്പെടുത്തിയും മുഖ്യമന്ത്രി പിണറായി വിജയന്‍. പണ്ട് നാട്ടു രാജാക്കാന്‍മാര്‍ക്ക് മുകളില്‍ റസിഡന്റുമാരെ നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ജനാധിപത്യ സര്‍ക്കാറിന് മുകളില്‍ അത്തരമൊരു റസിഡന്റ് ഇല്ലെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് സി പി എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള്‍ ചില ആളുകള്‍ ചോദിച്ചു. ആരാണ് ഇവര്‍ക്ക് അതിന് അധികാരം നല്‍കിയതെന്ന്. അവരോടൊക്കെ വിനയത്തോടെ പറയാനുള്ളത് അതിനുള്ള അധികാരമൊക്കെ നിയമസഭക്കുണ്ടെന്നാണ്.അതു മനസിലാക്കാൻ നമ്മളെല്ലാം ആദരിക്കുന്ന ഭരണ ഘടനയെന്ന പുസ്തകം ഒന്ന് വായിച്ച് നോക്കിയാല്‍ മതി. അത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളെല്ലാം അതില്‍ നിന്ന് ലഭിക്കും. ഇതൊരു ജനാധിപത്യം രാജ്യമാണ്. ആ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ ശരിയായി ഉള്‍ക്കൊള്ളാന്‍ ജനങ്ങൾക്കും ഭരണാധികാരികൾക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്യഗ്രഹത്തോട് സഹകരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ തീരുമാനം, ഏറെ സന്തോഷം പകരുന്നതായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റക്ക് പ്രതിഷേധം നടത്താമെങ്കിലും കൂട്ടമായി പ്രതിഷേധിക്കുന്നതാണ് ഉത്തമം. എന്നാല്‍ ഇടക്ക് ഇടുങ്ങിയ മനസുള്ള ചിലര്‍ അതിനെതിരെ രംഗത്തെത്തി. പ്രതിപക്ഷത്തെ അനൈക്യമാണ് യോജിച്ചുള്ള തുടര്‍ പോരാട്ടങ്ങള്‍ക്ക് വിലങ്ങ് തടിയായത്.

യോജിച്ച സമരത്തെ കുറിച്ച് ആലോചിക്കാന്‍ താന്‍ പല തവണ പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടു. എന്നാല്‍ രാജ്യത്തിന് വേണ്ടി ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് പിന്നീട് അതുണ്ടായില്ല. ഒരുമിച്ച് നില്‍ക്കണമെന്നാണ് താനിപ്പോഴും അഭ്യര്‍ഥത്ഥിക്കുന്നത്. ഒന്നായി നീങ്ങുമ്പോള്‍ ഒരു കൂട്ടരെ മാത്രമേ മാറ്റി നിര്‍ത്തേണ്ടതുള്ളൂ, അത് തീവ്രവാദികളെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.